വാംഅപ്പിൽ വാർണർ വെടിക്കെട്ട്; നമീബിയയെ ഏഴുവിക്കറ്റിനു തകർത്തു
Wednesday, May 29, 2024 11:32 AM IST
പോർട്ട് ഓഫ് സ്പെയിൻ: ട്വന്റി-20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ നമീബിയയെ ഏഴുവിക്കറ്റിനു തകർത്ത് ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത നമീബിയ ഉയർത്തിയ 120 റൺസ് വിജയലക്ഷ്യം ഏഴു വിക്കറ്റും 10 ഓവറും ബാക്കിനില്‍ക്കെ ഓസീസ് മറികടന്നു. 21 പന്തില്‍ 54 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിലാണ് ഓസീസ് വിജയം കണ്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നമീബിയ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 119 റൺസെടുത്തത്. 30 പന്തില്‍ 38 റണ്‍സെടുത്ത സെയ്ന് ഗ്രീന്‍ ആണ് നമീബിയയുടെ ടോപ് സ്കോറര്‍. മലാൻ ക്രൂഗർ (18), നായകൻ ഗെർഹാർഡ് ഇറാസ്മസ് (15), നിക്കോളാസ് ഡെവിൻ (14) എന്നിവരൊഴികെ മറ്റാർക്കും കാര്യമായ സംഭാവന നല്‍കാനായില്ല.
ഓസീസിനായി ആദം സാംപ മൂന്നും ജോഷ് ഹേസിൽവുഡ് രണ്ടും നഥാൻ എല്ലിസ്, ടിം ഡേവിഡ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് ഓപ്പണർമാരായ മിച്ചൽ മാർഷും ഡേവിഡ് വാർണറും ചേർന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 21 പന്തില്‍ മൂന്നു സിക്സും ആറു ഫോറുമുൾപ്പെടെ 54 റൺസുമായി വാർണർ പുറത്താകാതെ നിന്നു.
മിച്ചല്‍ മാര്‍ഷ്(18), ടിം ഡേവിഡ്(23), മാത്യു വെയ്ഡ് (പുറത്താകാതെ 12) എന്നിവര്‍ തിളങ്ങിയപ്പോള്‍ ജോഷ് ഇംഗ്ലിസ്(അഞ്ച്) നിരാശപ്പെടുത്തി.