അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്: മാർഗരേഖ പുറത്തിറക്കി
Sunday, July 21, 2024 8:38 PM IST
തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി (മസ്തിഷ്ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖയാണ് പുറത്തിറക്കിയത്.
ഈ അപൂർവ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയിൽ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ സമഗ്രമാർഗരേഖ തയാറാക്കാൻ തീരുമാനിച്ചത്.
തുടർപഠനത്തിനും ഗവേഷണത്തിനും ഐസിഎംആർ സഹകരണത്തോടെ ഒരു സമിതിയെ നിയോഗിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികൾ ഈ മാർഗരേഖ കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഇത്തരം വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവരിൽ 26 ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് രോഗം വരുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.