സിബിഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; യുവതികൾ അറസ്റ്റിൽ
Sunday, September 15, 2024 3:15 AM IST
പത്തനംതിട്ട: സിബിഐയിൽ നിന്നെന്ന് വിശ്വസിപ്പിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്ത സൈബർ കേസിൽ ഇടനിലക്കാരായ മലയാളി യുവതികൾ പോലീസ് പിടിയിൽ. കോഴിക്കോട് സ്വദേശികളായ ഷാനൗസി, പ്രജിത എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഐടി ജീവനക്കാരിയായിരുന്നു തട്ടിപ്പിന് ഇരയായത്. ജൂൺ എട്ടിനാണ് ഐടി ജീവനക്കാരി കൂടിയായ വീട്ടമ്മയ്ക്ക് ആദ്യ ഫോൺ കോൾ വരുന്നത്. വീട്ടമ്മയുടെ ആധാർ കാർഡ് ചിലർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു ഉടൻ സിബിഐ അറസ്റ്റ് ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചു.
ഹിന്ദിയിലായിരുന്നു സംഭാഷണം. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. പിന്നീട് പലപ്പോഴായി ചെറിയ തുക തട്ടിപ്പുകാർ അവരുടെ അക്കൗണ്ടിലേക്ക് മാറ്റി. ഓരോ ഇടപാടിനും രസീത് നൽകും.
വിശ്വാസ്യത കൂട്ടാൻ ഇടയ്ക്ക് കുറച്ച് പണം തിരികെ കൊടുത്തു. എന്നാൽ ഒടുവിൽ 49,03,500 രൂപ സംഘം കൈക്കാലാക്കുകയായിരുന്നു.പത്ത് ലക്ഷം രൂപ കൈമാറ്റം ചെയ്ത കോഴിക്കോടുള്ള ഒരു ബാങ്ക് അക്കൗണ്ട് അന്വേഷണസംഘം കണ്ടെത്തി. അങ്ങനെയാണ് തട്ടിപ്പ് റാക്കറ്റിന്റെ കേരളത്തിലെ കണ്ണിയായ ഷാനൗസിയെയും സഹായി പ്രജിതയെയും പിടികൂടുന്നത്.