കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
Monday, December 16, 2024 7:06 AM IST
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. തിരൂർ സതീഷന്റെ വെളിപ്പെടുത്തലിൽ അന്വേഷണസംഘം നേരത്തെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി.
കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് വൈകുന്നേരം നാലിന് മൊഴി രേഖപ്പെടുത്തുക.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ചാക്കുകെട്ടുകളിൽ ആറരക്കോടി രൂപ എത്തിച്ചു എന്നായിരുന്നു തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ. ഉപതിരഞ്ഞെടുപ്പ് വേളയിൽ ബിജെപി നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലായിരുന്നു തിരൂർ സതീഷ് നടത്തിയത്.
2021 ഏപ്രിൽ ഏഴിനാണ് കൊടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് തൃശൂരിലെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ ധർമരാജൻ നാല് ചാക്കുകളിലായി ആറുകോടി കുഴൽപ്പണം എത്തിച്ചെന്നും ധർമരാജൻ ബിജെപി ഓഫീസിലെത്തി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു വെളിപ്പെടുത്തൽ.
വെളിപ്പെടുത്തൽ പുറത്തുവന്നതോടുകൂടി വിഷയം ഗൗരവകരമാണെന്നും കൂടുതൽ ആളുകൾ ഇതിന് പിന്നിലുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും തുടരന്വേഷണം നടത്താൻ തീരുമാനിച്ചത്.