തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; മരണകാരണം തലക്കേറ്റ ക്ഷതം
Tuesday, April 22, 2025 8:08 PM IST
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വിജയകുമാറിന്റെയും മീരയുടെയും മരണ കാരണം തലക്കേറ്റ ക്ഷതമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേൽപിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലക്കേറ്റ ക്ഷതം മൂലം രക്തസ്രാവം ഉണ്ടായി. വിജയകുമാറിന്റെ നെഞ്ചിലും ക്ഷതമേറ്റിട്ടുണ്ട്.
രാവിലെയെത്തിയ വീട്ടുജോലിക്കാരി രേവമ്മയാണ് അകത്തെ സ്വീകരണ മുറിയില്‍ വിജയകുമാറിന്റെ മൃതദേഹവും കിടപ്പുമുറിയിൽ ഭാര്യ മീരയുടെ മൃതദേഹവും ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ നായകൾക്ക് കൊലയാളി മയക്കുമരുന്ന് നൽകി ബോധം കെടുത്തിയെന്ന സംശയവും പോലീസിനുണ്ട്. കൊല്ലപ്പെട്ടവരുടെ സ്വര്‍ണാഭരണങ്ങളോ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല.
അതിനാൽ മോഷണത്തിനുള്ള കൊലപാതകമല്ല എന്ന നിഗമനത്തിലാണ് പോലീസ്. മറിച്ച് വ്യക്തി വിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്നാണ് പോലീസ് പറയുന്നത്.
ഏതാനും നാള് മുമ്പ് വരെ വീട്ടിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിയെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.