പഹല്‍ഗാം ഭീകരാക്രമണം: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ്; പ്രധാനമന്ത്രിക്ക് കത്തയച്ചു
Tuesday, April 29, 2025 10:33 AM IST
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോൺഗ്രസ് കത്തയച്ചു.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് കത്തയച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളും വിളിച്ചു ചേര്‍ക്കണമെന്നാണ് ആവശ്യം.
പഹല്‍ഗാമില്‍ നിരപരാധികളായ പൗരന്മാര്ക്ക് നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ നേരിടാനുള്ള കൂട്ടായ ദൃഢനിശ്ചയത്തിന്റെയും ഇച്ഛാശക്തിയുടെയും ശക്തമായ പ്രകടനമായിരിക്കും ഇതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ഇതനുസരിച്ച് സെഷന് വിളിച്ചു ചേര്‍ക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും കത്തില്‍ പറയുന്നു.