കെ.എം.എബ്രഹാമിന് ആശ്വാസം: സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീംകോടതി
Wednesday, April 30, 2025 11:32 AM IST
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാമിന് എതിരായ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീംകോടതി സിബിഐക്കും സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരേയാണ് കെ.എം.എബ്രഹാം സുപ്രീംകോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും സ്റ്റേ ചെയ്യണമെന്നുമായിരുന്നു ആവശ്യം.
വരുമാനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ എന്തുകൊണ്ടാണ് വൈകിയതെന്ന് സുപ്രീംകോടതി ചോദിച്ചു. എന്നാല്‍ അന്വേഷണ സമയത്ത് വിദേശത്തായിരുന്നുവെന്നാണ് കെ.എം.എബ്രഹാം മറുപടി നല്‍കിയത്. സിബിഐ അന്വേഷണത്തിന് മുന്‍കൂര്‍ പ്രോസിക്യൂഷന് അനുമതി അനിവാര്യമാണെന്നും കെ.എം.എബ്രഹാം കോടതിയിൽ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ നിയമ നടപടി സ്വീകരിച്ചതിലുള്ള പകയാണ് പരാതിക്കാരനായ ജോമോന് പുത്തന്‍ പുരയ്ക്കലിന്റെ ഹര്‍ജിക്ക് കാരണമെന്ന് കെ.എം.എബ്രഹാം വാദിച്ചു. 2009 മുതല്‍ 2015 വരെയുള്ള വരുമാനം മാത്രമാണ് വിജിലന്‍സ് പരിശോധിച്ചത്. 2000 മുതല്‍ 2009 വരെയുള്ള വരുമാനം കൂടി പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.