പത്തനംതിട്ടയിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറി പിടികൂടി
Thursday, May 1, 2025 12:49 AM IST
പത്തനംതിട്ട: കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറി പോലീസ് സംഘം പിന്തുടർന്ന് പിടികൂടി. പത്തനംതിട്ട ഏനാത്ത് മണ്ണടി ദളവ ജംഗ്ഷനിലാണ് സംഭവം.
വാഹനത്തിലുണ്ടായിരുന്ന അടൂർ, പന്നിവിഴ ശ്രീജിത്തിനെ (27) പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറും മറ്റൊരാളും ഓടിരക്ഷപ്പെട്ടു. മണ്ണടി ദളവ ജംഗ്ഷനിൽ വെച്ച് പുലർച്ചെ 2.15 നാണ് ഏനാത്ത് പോലീസ് സ്റ്റേഷനിലെ നൈറ്റ് പെട്രോളിംഗ് സംഘം ഒരു ടാങ്കർ കണ്ടത്.
പോലീസിനെ കണ്ടതോടെ അമിതവേഗതയിൽ പാഞ്ഞ ടാങ്കറിന് പിന്നാലെ പോലീസ് സംഘവും പിന്തുടർന്നു. മൂന്നര കിലോമീറ്ററോളം പിന്തുടർന്ന് സഞ്ചരിച്ച ശേഷം ഏനാത്ത് മിസ്പാ ജംഗ്ഷനിൽ വച്ച് സാഹസികമായി വാഹനം പോലീസ് പിടികൂടുകയായിരുന്നു.