ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് പാക്കിസ്ഥാൻ; 450 കിലോമീറ്റർ ദൂരപരിധി
Saturday, May 3, 2025 2:04 PM IST
ഇസ്ലാമാബാദ്: കരയിൽ നിന്നും കരയിലേക്ക് വിക്ഷേപിക്കാൻ സാധിക്കുന്ന ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്ന് പാക്കിസ്ഥാൻ. 450 കിലോമീറ്റർ ദൂരപരിധിയുള്ള അബ്ദാലി മിസൈലാണ് പരീക്ഷിച്ചതെന്നും പാക്കിസ്ഥാൻ അവകാശവാദമുന്നയിക്കുന്നു.
പരീക്ഷണത്തിന്റെ ദൃശ്യങ്ങളും പാക് അധികൃതർ പുറത്തുവിട്ടു. പരീക്ഷണം നടത്തിയത് എല്ലാത്തിനും സജ്ജമാകുന്നതിന്റെ ഭാഗമായിട്ടാണെന്നും പാക് സൈന്യം വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയുമായുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തിയത്. നേരത്തെ, പാക്കിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തിയാൽ പ്രകോപനമായി കണക്കാക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അതേസമയം, സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചു. പാക്കിസ്ഥാനിൽ ഉത്പാദിപ്പിക്കുന്നതോ ആ രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ വസ്തുക്കളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടിയന്തര പ്രാബല്യത്തിൽ നിരോധിച്ചിരിക്കുന്നു.
ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താൽപര്യങ്ങൾക്കനുസരിച്ചാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിരോധനത്തിന്മേൽ എന്തെങ്കിലും ഇളവ് ആവശ്യമായി വന്നാൽ ഇന്ത്യാ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്- വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.