കെപിസിസി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ
Tuesday, May 6, 2025 11:50 PM IST
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ ഹൈക്കമാൻഡ് നീക്കങ്ങള്‍ ആരംഭിച്ചു. ജാർഖണ്ഡിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായും എഐസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തി.
കെ.സുധാകരനെ അനുനയിപ്പിച്ച് മാത്രം പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു എഐസിസി നേതൃത്വം. എന്നാല്‍ തത്കാലം പദവിയില്‍ നിന്നും മാറേണ്ടതില്ലെന്നതും അപമാനിച്ച് ഇറക്കിവിടാനാണ് ശ്രമമെന്നുമുള്ള സുധാകരന്റെ പ്രതികരണത്തില്‍ ഹൈക്കമാൻഡും നീരസത്തിലാണ്.
ഇതോടെ സുധാകരന്റെ എതിര്‍പ്പുകള്‍ വകവെക്കാതെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് തീരുമാനം. എഐസിസി അധ്യക്ഷനുമായും രാഹുല്‍ ഗാന്ധിയുമായും സുധാകരന് കൂടിക്കാഴ്ച നടത്തിയ ദിവസം പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനായിരുന്നു ഹൈക്കമാൻഡ് നിര്‍ദേശം.
എന്നാല്‍ സുധാകരന് തീരുമാനം അംഗീകരിക്കാന്‍ തയാറായില്ല. സുധാകരനെ അനുനയിപ്പിച്ച് മാത്രം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ഹൈക്കമാൻഡ് നിലപാട്.