ഓബുലാപുരം ഖനന കേസ്; കർണാടക മുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡിക്ക് ഏഴ് വർഷം തടവ് ശിക്ഷ
Wednesday, May 7, 2025 12:31 AM IST
ഹൈദരാബാദ്: ഒബുലാപുരം അനധികൃത ഖനന കേസിൽ കർണാടക മുൻ മന്ത്രി ഗാലി ജനാർദ്ദൻ റെഡ്ഡിയെയും മറ്റ് മൂന്ന് പേരെയും സിബിഐ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചു. ഓരോരുത്തരും 10,000 രൂപ പിഴയുമൊടുക്കണം. വിധി വന്നതിനു പിന്നാലെ എല്ലാവരെയും സിബിഐ കസ്റ്റഡിയിലെടുത്തു.
കർണാടക-ആന്ധ്രാപ്രദേശ് അതിർത്തിയിലുള്ള ബെല്ലാരി റിസർവ് ഫോറസ്റ്റ് പ്രദേശത്ത് അനധികൃത ഖനനം നടത്തിയെന്ന് ആരോപിച്ച് ഗാലി ജനാർദ്ദൻ റെഡ്ഡിക്കും മറ്റുള്ളവർക്കുമെതിരെ സിബിഐ കോടതി കുറ്റപത്രം സമർപ്പിച്ച് 14 വർഷങ്ങൾക്ക് ശേഷമാണ് കോടതി വിധി പറഞ്ഞത്.
ജനാർദൻ റെഡ്ഡിയുടെ ഭാര്യാ സഹോദരനും ഒഎംസി മാനേജിംഗ് ഡയറക്ടറുമായ ശ്രീനിവാസ് റെഡ്ഡി, അന്നത്തെ മൈൻസ് ആൻഡ് ജിയോളജി അസിസ്റ്റന്റ് ഡയറക്ടർ വി.ഡി. രാജഗോപാൽ, റെഡ്ഡിയുടെ പേഴ്സണൽ അസിസ്റ്റന്റ് മെഹഫുസ് അലി ഖാൻ എന്നിവരാണ് മറ്റ് മൂന്നുപ്രതികൾ.
മുൻ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി, മുൻ ഉദ്യോഗസ്ഥൻ ബി. കൃപാനന്ദം എന്നിവരെ കേസിൽ കുറ്റവിമുക്തരാക്കി. 2007 നും 2009 നും ഇടയിൽ നടന്ന അനധികൃത ഖനനത്തിലൂടെ ഖജനാവിന് 884 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രോസിക്യൂഷൻ ആരോപിച്ചു.