ഈഡനിൽ വീണ് കോൽക്കത്ത; ചെന്നൈയ്ക്ക് മിന്നും ജയം
Wednesday, May 7, 2025 11:24 PM IST
കോൽക്കത്ത: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് മിന്നും ജയം. രണ്ട് വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്.
കോൽക്കത്ത ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനിൽക്കെ ചെന്നൈ മറികടന്നു. 52 റൺസെടുത്ത ഡിവാൾഡ് ബ്രെവിസിന്റെയും 45 റൺസെടുത്ത ശിവം ദുബെയുടെയും 31 റൺസെടുത്ത ഉർവിൽ പട്ടേലിന്റെയും മികവിലാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്.
കോൽക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറ മൂന്ന് വിക്കറ്റെടുത്തു. ഹർഷിത് റാണയും വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മോയിൻ അലി ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസ് പടുത്തുയർത്തിയത്. നായകൻ അജിൻക്യ രഹാനെയുടെയും ആന്ദ്രെ റസലിന്റെയും മനീഷ് പാണ്ഡെയുടെയും മികവിലാണ് കോൽക്കത്ത മികച്ച സ്കോർ എടുത്തത്. 48 റൺസെടുത്ത രഹാനെയാണ് കോൽക്കത്തയുടെ ടോപ് സ്കോറർ.
റസൽ 38 റൺസെടുത്തപ്പോൾ മനീഷ് പാണ്ഡെ 36 റൺസെടുത്തു. ചെന്നൈയ്ക്ക് വേണ്ടി നൂർ അഹ്മദ് നാല് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും അൻഷുൽ കാംപോജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.