ബെവ്കോ ഗോഡൗണിലെ തീപിടിത്തം; കോടികളുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട്
Tuesday, May 13, 2025 6:49 PM IST
തിരുവല്ല: പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടിത്തത്തിൽ കോടികളുടെ നാശനഷ്ടം. 70,000 കെയ്സ് മദ്യം കത്തിനശിച്ചതായാണ് വിവരം. 15 ബെവ്കോ ഔട്ട്ലറ്റുകളിലേക്കുള്ള മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി ഇന്ന് സ്ഥലം സന്ദർശിക്കും.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താന്‍ എക്സൈസ് മന്ത്രി എം.ബി. രാജേഷ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകടം സംബന്ധിച്ച് പോലീസ് ഇന്ന് ശാസ്ത്രീയ പരിശോധന നടത്തും. ബീവറേജസ് കോര്‍പ്പറേഷനും മദ്യത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
ഗോഡൗണില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി വെല്‍ഡിംഗ് നടക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നതായാണ് വിവരം. കെട്ടിടം ഏറെക്കുറെ പൂര്‍ണമായും അഗ്നിക്കിരയായിട്ടുണ്ട്. അലൂമിനിയം ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരയാണ് കെട്ടിടത്തിനുണ്ടായിരുന്നത്.
തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നും എത്തിയ മൂന്ന് യൂണിറ്റ് അഗ്നി രക്ഷാസേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.