ബാലറ്റ് "ബോംബ്'; സിപിഎമ്മിനെ വെട്ടിലാക്കി ജി.സുധാകരൻ
#ക്രിസ്റ്റോ തോമസ്
Thursday, May 15, 2025 5:29 PM IST
കോട്ടയം: പോസ്റ്റല്‍ ബാലറ്റില്‍ തിരുത്തല്‍ വരുത്തിയെന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി.സുധാകരന്റെ വെളിപ്പെടുത്തല്‍ തള്ളാനും കൊള്ളാനും കഴിയാതെ പാർട്ടി. 1989ല്‍ കെ.വി.ദേവദാസ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ പോസ്റ്റല്‍ ബാലറ്റ് ശേഖരിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍വച്ച് തിരുത്തൽവരുത്തിയെന്നാണ് സുധാകരന് വെളിപ്പെടുത്തിയത്.
അന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു ജി.സുധാകരന്. സര്‍വീസ് സംഘടനാംഗങ്ങളുടെ പോസ്റ്റല്‍ ബാലറ്റുകളില്‍ 15 ശതമാനം മറിച്ചു ചെയ്തെന്നും ഞങ്ങളുടെ പക്കല്‍ തന്ന പോസ്റ്റല്‍ ബാലറ്റുകള്‍ വെരിഫൈ ചെയ്ത് തിരുത്തിയെന്നുമാണ് സുധാകരന് പറഞ്ഞത്. ഇതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കേസെടുത്താലും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ ഇതിനെപ്പറ്റി പ്രതികരിക്കാൻ സിപിഎം നേതാക്കൾ തയാറായിട്ടില്ല. അതേസമയം പ്രതിപക്ഷം സുധാകരന്റെ വെളിപ്പെടുത്തൽ ആയുധമാക്കുകയാണ്. സിപിഎം എല്ലാക്കാലത്തും തെരഞ്ഞെടുപ്പിൽ ക്രമക്കേട് കാണിക്കാറുണ്ടെന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സുധാകരൻ ഇപ്പോഴെങ്കിലും ഇതു വെളിപ്പെടുത്തിയത് നല്ല കാര്യമാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം വ്യാപകമായ രീതിയിൽ ക്രമക്കേട് കാണിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരനും പറഞ്ഞു. ചെറിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത് ഇത്തരം ക്രമക്കേടിലൂടെയാണെന്ന് അദ്ദേഹം ആരോപിച്ചു. സുധാകരന്റെ വെളിപ്പെടുത്തലിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.
കിട്ടുന്ന അവസരങ്ങളിലെല്ലാം പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന സുധാകരനെതിരെ കടുത്ത നടപടിവേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്പോഴാണ് പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കി അദ്ദേഹം ബാലറ്റ് "ബോംബ്'പൊട്ടിച്ചത്. ഇതിന്റെ അലയൊലികൾ വരും ദിവസങ്ങളിൽ രാഷ്ട്രീയ കേരളത്തിൽ കാണാൻ കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് സുധാകരനെ പാർട്ടി പരസ്യമായി ശാസിച്ചിരുന്നു. തുടർന്ന് അദ്ദേഹം പാർട്ടി പരിപാടികളിൽ സജീവമായിരുന്നില്ല. അതിനിടെ അദ്ദേഹം കോൺഗ്രസിന്റെ വേദികളിൽ പങ്കെടുത്തതും പാർട്ടിക്കുള്ളിൽ അമർഷത്തിനു കാരണമായിട്ടുണ്ട്. ഇതിനിടെയാണ് ജി.സുധാകരൻ വീണ്ടും വിവാദത്തിൽപ്പെട്ടിരിക്കുന്നത്.