വീട്ടുകാർ വഴക്കുപറഞ്ഞു; വീടുവിട്ടിറങ്ങിയ 15 കാരനെയും സുഹൃത്തുക്കളെയും കണ്ടെത്തി
Thursday, May 15, 2025 11:12 PM IST
പത്തനംതിട്ട: വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ 15 കാരനെയും സുഹൃത്തുക്കളെയും മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം 5.30 ന് പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ് കൂട്ടുകാർ നാടുവിടാൻ തീരുമാനിച്ചുള്ള യാത്ര തുടങ്ങിയത്.
മൂന്നുപേരും കുടശനാട്ടേക്കുള്ള ബസിൽ കയറുന്നത് ഇവരെ പരിചയമുള്ള ഒരാൾ കണ്ടിരുന്നു. ചോദിച്ചപ്പോൾ ഒരാളുടെ വസ്ത്രം വേറൊരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് വാങ്ങാൻ പോകുന്നു എന്നായിരുന്നു മറുപടി.
എന്നാൽ രാത്രി വൈകിയും കുട്ടികളെ കാണാത്തതിനാൽ വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. വീടുവിട്ടിറങ്ങിയ 15കാരന്റെ മാതാവിന്റെ മൊഴിപ്രകാരം രാത്രി ഒന്നിന് പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാടുവിടാൻ ഇറങ്ങിയ കുട്ടികൾ ഒരുമിച്ചൊരു സ്കൂളിൽ പഠിക്കുന്നവരാണ്. രണ്ടുപേർ ബന്ധുക്കളുമാണ്. സ്റ്റേഷനിൽ പരാതി നൽകിയ വീട്ടമ്മ മകനെ കഴിഞ്ഞദിവസം വഴക്ക് പറയേണ്ട സാഹചര്യം ഉണ്ടായെന്ന് പോലീസിനെ അറിയിച്ചിരുന്നു.
ഇതിനിടെ കുട്ടികളിൽ ഒരാൾ ഫോൺ ഓണാക്കിയതോടെ പോലീസ് ഇവരുടെ ലൊക്കേഷൻ തിരിച്ചറിഞ്ഞു. തുടർന്ന് പന്തളം കുരമ്പാലയിൽനിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു.
എങ്ങനെയെങ്കിലും പണം കണ്ടെത്തി ട്രെയിനിൽ കയറി എറണാകുളത്തേക്കു കടക്കുകയായിരുന്നു കുട്ടികളുടെ ലക്ഷ്യം. അടൂർ ജെഎഫ്എം കോടതിയിൽ ഹാജരാക്കിയ കുട്ടികളെ മാതാപിതാക്കൾക്കൊപ്പം അയച്ചു.