താലിബാൻ വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് എസ്. ജയ്ശങ്കർ
Friday, May 16, 2025 4:22 AM IST
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാൻ വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. താലിബാന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കിയുമായാണ് ജയ്ശങ്കർ ഔദ്യോഗിക സംഭാഷണം നടത്തിയത്.
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യ നടത്തുന്ന ആദ്യ മന്ത്രിതല സംഭാഷണമാണിത്. പഹൽഗാം ഭീകരാക്രമണത്തെ താലിബാൻ ഭരണകൂടം അപലപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഡോ. ജയ്ശങ്കർ, മുത്താക്കിയെ വിളിച്ചത്.
"ഇന്ന് വൈകുന്നേരം അഫ്ഗാൻ ആക്ടിംഗ് വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുമായി നല്ല സംഭാഷണം നടന്നു. പഹൽഗാം ഭീകരാക്രമണത്തെ അദ്ദേഹം അപലപിച്ചതിനെ ആഴമായി അഭിനന്ദിക്കുന്നു. ചർച്ചയ്ക്കിടെ, അഫ്ഗാൻ ജനതയുമായുള്ള നമ്മുടെ പരമ്പരാഗത സൗഹൃദത്തെയും അവരുടെ വികസന ആവശ്യങ്ങൾക്കുള്ള തുടർച്ചയായ പിന്തുണയെയും അടിവരയിട്ടു പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികളും മാർഗങ്ങളും ചർച്ച ചെയ്തു'- എസ്. ജയ്ശങ്കർ എക്സിൽ കുറിച്ചു.