അഫ്ഗാനുമായി സഹകരണം വര്‍ധിപ്പിക്കും; താലിബാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി എസ്. ജയശങ്കർ
Friday, May 16, 2025 10:30 AM IST
ന്യൂഡല്‍ഹി: താലിബാൻ വിദേശകാര്യമന്ത്രി അമിര്‍ ഖാന് മുതാഖിയുമായി ഫോണിൽ ചര്‍ച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ-അഫ്ഗാന് സഹകരണം ഊട്ടിയുറപ്പിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഔദ്യോഗിക ഫോൺ സംഭാഷണത്തിലൂടെ ഇരുവരും നടത്തിയത്. ഇതാദ്യമായാണ് മന്ത്രിതലത്തില്‍ താലിബാനുമായി ഇന്ത്യ ബന്ധപ്പെടുന്നത്.
പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെയാണ് താലിബാനുമായി ചർച്ച നടത്തിയതെന്നത് ശ്രദ്ധേയമാണ്. പഹൽഗാം ഭീകരാക്രമണത്തെ താലിബാൻ അപലപിച്ചിരുന്നു.
പഹല്‍ഗാം ആക്രമണത്തെ അപലപിച്ചതിന്, അമിര്‍ ഖാന് മുതാഖിക്ക് നന്ദി അറിയിച്ചാണ് ജയശങ്കര്‍ എക്സിലൂടെ ഫോൺ സംഭാഷണത്തിന്റെ വിവരം പങ്കുവച്ചത്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടത്തിനുമിടയിൽ ഭിന്നത രൂക്ഷമാകുന്ന അവസരത്തിലാണ് ഇന്ത്യയുടെ നീക്കം.
അഫ്ഗാൻ ജനതയുമായുള്ള ഇന്ത്യയുടെ പരമ്പരാഗത സൗഹൃദത്തെ ഓർമിപ്പിച്ച ഇന്ത്യ, അവരുടെ വികസന ആവശ്യങ്ങൾക്കുള്ള തുടർച്ചയായ പിന്തുണയും വാഗ്ദാനം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള വഴികളും ചർച്ചയായി.