അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ
Friday, May 16, 2025 10:12 PM IST
കോഴിക്കോട്: സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ. വടകര പാക്കയിൽ ജെബി സ്കൂൾ പ്രധാനാധ്യാപകൻ ഇ.എം. രവീന്ദ്രനാണ് അറസ്റ്റിലായത്.
ജനറൽ പ്രൊവിഡന്റ് ഫണ്ട് എൻആർഎയ്ക്കുള്ള അപേക്ഷ ഫോർവേർഡ് ചെയ്യാനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. വടകര ലിങ്ക് റോഡിൽ വെച്ചു പതിനായിരം രൂപ കൈ മാറുന്നതിനിടയിലാണ് രവീന്ദ്രനെ കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പി പി.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഒരു ലക്ഷം രൂപയായിരുന്നു ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. 90000 രൂപയുടെ ചെക്ക് അധ്യാപിക കൈമാറിയിരുന്നു. ഈ മാസം അവസാനം വിരമിക്കാൻ ഇരിക്കെയാണ് രവീന്ദ്രൻ പിടിയിലായത്.
പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ച വിജിലൻസ് അധ്യാപകൻ അയച്ച ശബ്ദസന്ദേശങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് ഇയാളെ വലയിലാക്കാൻ തന്ത്രം ആവിഷ്കരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് അറസ്റ്റിലായ ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.