ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേന കപ്പൽ ഇടിച്ചു
Sunday, May 18, 2025 10:39 AM IST
വാഷിംഗ്ടൺ ഡിസി: ന്യൂയോർക്കിലെ ലോകപ്രശസ്തമായ ബ്രൂക്ക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേന കപ്പൽ ഇടിച്ചു.
അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച വൈകിട്ടാണ് അപകടം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
277 പേരുമായി പോയ മെക്സിക്കൻ നാവികസേനയുടെ കപ്പലായ കുവാമെഹോക് ആണ് അപകടത്തിനിടയാക്കിയത്. കപ്പലിന്റെ 147 അടി ഉയരമുള്ള രണ്ട് കൊടിമരങ്ങൾ പാലത്തിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് കൊടിമരം തകർന്ന് ഡെക്കിലേക്ക് വീണു. ചരിത്ര നിർമിതയായ പാലത്തിന് കാര്യമായ കേടുപാടില്ലെന്നാണ് പ്രാഥമിക നിഗമനം.
വിവിധ രാജ്യങ്ങളിലെ തുറമുഖങ്ങൾ സന്ദർശിക്കുകയായിരുന്നു മെക്സിക്കൻ നാവികസേനയുടെ കപ്പൽ. ന്യൂയോർക്ക് ഹാർബറിൽ നിന്ന് പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്.
ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും പഴയ പാലങ്ങളിൽ ഒന്നാണ് ബ്രൂക്ക്ലിൻ പാലം. 1883ലാണ് പാലം നിർമാണം പൂർത്തിയാക്കിയത്. ന്യൂയോർക് നഗരത്തിന്റെ അഭിമാന ചിഹ്നമായാണ് ബ്രൂക്ക്ലിൻ പാലത്തെ കണക്കാക്കുന്നത്.