നരഭോജി കടുവ കരുവാരകുണ്ടിൽ; ഡോ.അരുൺ സക്കറിയ സ്ഥലത്തെത്തി
Thursday, May 22, 2025 5:30 PM IST
മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിലെ നരഭോജി കടുവയെ കണ്ടെത്തി. ഇന്നലെ കടുവയെക്കണ്ട കേരളാ എസ്റ്റേറ്റിൽ സൈലന്റ്വാലിയോട് ചേർന്ന പ്രദേശത്ത് തന്നെയാണ് വീണ്ടും കടുവയെ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ കടിച്ചുകൊന്നത്.
സഹതൊഴിലാളി അബ്ദുല്‍സമദ് നോക്കിനിൽക്കെയാണ് കടുവ ഗഫൂറിനെ ആക്രമിച്ച് വലിച്ചിഴച്ചുകൊണ്ടുപോയത്. നരഭോജി കടുവയെ എട്ടു ദിവസമായിട്ടും പിടികൂടാൻ കഴിയാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു.
ഇവരുടെ വാഹനങ്ങൾ പോകാൻ അനുവദിക്കാതെ നാട്ടുകാർ തടഞ്ഞിട്ടിരിക്കുകയാണ്. കടുവയെ ഇന്ന് തന്നെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പോലീസെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയാണ്. കടുവയെ പിടികൂടാതെ വനംവകുപ്പിന്റെ വാഹനങ്ങൾ കടത്തിവിടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വൈകുന്നേരം മൂന്നോടെയാണ് ആര്‍ആര്‍ടി ടീമിന് കടുവയെ കണ്ടതായുള്ള വിവരം ലഭിച്ചത്. തേന്‍ ശേഖരിക്കുന്നതിനായി ഇവിടെ എത്തിയ ആദിവാസി കുടുംബത്തിലെ അംഗമായ വേലായുധനാണ് കടുവയെ കണ്ടത്. വൈകാതെ സ്ഥലത്തെത്തിയ ഡോ. അരുണ്‍ സക്കറിയായുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കായി എസ്റ്റേറ്റിനകത്തേക്ക് പോയി.
വേലായുധന് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്റ്റേറ്റില്‍ പരിശോധന നടത്തിയത്. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിന് മേൽഭാഗത്തായി സ്ഥാപിച്ച ക്യാമറയിൽ രാവിലെ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു.
എസ്റ്റേറ്റ് പരിസരത്തുവെച്ച് തന്നെയാണ് കഴിഞ്ഞ ദിവസവും കടുവയെ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. അതും ഏതാണ്ട് ഇതേസമയത്ത് തന്നെയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.