കൈക്കൂലി കേസ്: തെളിവുകള്‍ ശക്തമാക്കി വിജിലന്‍സ്; ഇഡിക്ക് നോട്ടീസ്
Friday, May 23, 2025 12:23 PM IST
കൊച്ചി: കേസ് അന്വേഷണം ഒഴിവാക്കാന്‍ കശുവണ്ടി വ്യവസായിയില്‍നിന്നും കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ തെളിവുകള്‍ ശക്തമാക്കാനൊരുങ്ങി വിജിലന്‍സ്. ഇതിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) വിജിലന്‍സിന്റെ നോട്ടീസ് അയച്ചു.
വ്യവസായിക്ക് എതിരെയെടുത്ത കേസിന്റെ വിശദാംശങ്ങള്‍, അന്വേഷണ പുരോഗതി, സമന്‍സ് വിവരങ്ങള്‍, ചോദ്യംചെയ്ത ദിവസങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എന്നിവ കൈമാറാന്‍ ആവശ്യപ്പെട്ടാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്.
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറാണ് വിജിലന്‍സ് കേസിലെ ഒന്നാംപ്രതി. അഡീഷണല്‍ ഡയറക്ടര്‍ വിനോദ്കുമാറും ഭീഷണിപ്പെടുത്തിയതായി പരാതിക്കാരന് വെളിപ്പെടുത്തുകയും വിജിലന്‍സിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. തെളിവുകള്‍ കൂടുതല്‍ ശക്തമാക്കാനാണ് ഇഡിയില്‍നിന്ന് കേസ് ഫയലുകള്‍ ആവശ്യപ്പെട്ടത്.
പ്രതികള്‍ക്ക് ജാമ്യം
അതേസമയം, ഇഡി ഉദ്യോഗസ്ഥന് പ്രതിയായ കൈക്കൂലിക്കേസില്‍ മൂന്ന് പ്രതികള്‍ക്കും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. കൈക്കൂലി റാക്കറ്റിലെ ഏജന്റ് വില്‍സണ്‍ വര്‍ഗീസ്, രാജസ്ഥാന് സ്വദേശി മുകേഷ് കുമാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യര്‍ എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പ്രതികളെ അഞ്ചു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസില്‍ വിജിലന്‍സിന് വീഴ്ച ഉണ്ടായെന്ന് ജാമ്യ ഉത്തരവില്‍ പറയുന്നു. പ്രതികളുടെ അറസ്റ്റ് നടപടികളിലാണ് വീഴ്ചയുണ്ടായത്, അറസ്റ്റിന്റെ കാരണം പ്രതികളെ അറിയിച്ചില്ലെന്നും ഉത്തരവില്‍ പരാമര്‍ശമുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ കൊല്ലത്തെ കശുവണ്ടി വ്യവസായിയില്‍ നിന്ന് രണ്ട് കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് കേസ്. കശുവണ്ടി വ്യവസായ സ്ഥാനപത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖകള്‍ ഉപയോഗിച്ച് കണക്കുകളില്‍ കൃത്രിമം നടത്തിയെന്നും കാണിച്ച് 2024ല്‍ കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യവസായിക്ക് സമന്‍സ് അയച്ചിരുന്നു.
കേസില്‍നിന്ന് ഒഴിവാക്കാന്‍ കൊച്ചി ഇഡി ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ നിര്‍ദേശിച്ച മുംബൈയിലെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് രണ്ട് കോടി രൂപ ഇടാന്‍ ആവശ്യപ്പെട്ട് തമ്മനം സ്വദേശി വില്‍സണ്‍ സമീപിച്ചുവെന്നാണ് വ്യവസായി പറയുന്നത്. കേസില്‍ ഒന്നാം പ്രതി ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.
ഇഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കാന്‍ ഓഫിസില്‍നിന്ന് സമന്‍സ് അയപ്പിക്കാമെന്ന് വില്‍സണ്‍ പറഞ്ഞിരുന്നതായും വ്യവസായി പറയുന്നു. ഈ മാസം 14ന് സമന്‍സ് ലഭിക്കുകയും ചെയ്തു. കൈക്കൂലിപ്പണത്തിന്റെ ആദ്യ ഗഡുവായി രണ്ടു ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് വില്‍സണും മുകേഷും അറസ്റ്റിലായതും ഉന്നത ഇഡി ഉദ്യോഗസ്ഥന് പ്രതിയായ കേസിലേക്ക് അന്വേഷണം ആരംഭിച്ചതും.