വിജയം നേടുന്നത് വരെ പരിശ്രമം കൈവിടരുത്; ശുഭാംശു ശുക്ലയുമായി സംസാരിച്ച് മോദി
Saturday, June 28, 2025 7:48 PM IST
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുമായി തത്സമയം സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച വൈകുന്നേരമാണ് മോദി ശുഭാംശു ശുക്ലയുമായി വീഡിയോ കോളില്‍ സംസാരിച്ചത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ ഇരുവരും തമ്മിലുള്ള സംഭാഷണം തത്സമയം സ്ട്രീം ചെയ്തു. താൻ സുരക്ഷിതനെന്ന് ശുഭാംശു ശുക്ല പറഞ്ഞു. 140 കോടി ഭാരതീയരുടെയും മനസിൽ ശുഭാംശുവുണ്ടെന്ന് മോദിയും പറഞ്ഞു.
ഇത് എന്റെ മാത്രം യാത്രയല്ല, എല്ലാ ഇന്ത്യക്കാരുടെയും യാത്രയാണ്. എല്ലാ ജനങ്ങളുടെയും സ്വപ്നം സാക്ഷാത്കരിക്കാൻ അവസരം നൽകിയതിന് നന്ദിയുണ്ടെന്നും ഇന്ത്യ ഇവിടെ നിന്ന് കാണുന്പോൾ വളരെ മനോഹരമാണെന്നും ശുഭാംശു പറഞ്ഞു.
വിജയം നേടുന്നത് വരെ പരിശ്രമം കൈവിടരുതെന്ന് മോദിയും പറഞ്ഞു. ഇന്ന് നിങ്ങള്‍ നമ്മുടെ മാതൃരാജ്യത്തില്‍ നിന്ന് അകലെയാണ്, പക്ഷേ നിങ്ങള്‍ ഇന്ത്യക്കാരുടെ ഹൃദയത്തോട് ഏറ്റവും അടുത്തുനില്ക്കുന്നയാളാണെന്നും പ്രധാനമന്ത്രി ശുഭാംശു ശുക്ലയോട് പറഞ്ഞു.
ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥനും മനുഷ്യരെ ബഹിരാകാശത്തയക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗന്യാന് ദൗത്യത്തിലെ അംഗവുമായ ശുഭാംശു ശുക്ല നിലവില്‍ ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയാണ് ശുഭാംശു ശുക്ല.