കാത്തിരിപ്പിന് അവസാനം; കീം ഫലം പ്രഖ്യാപിച്ചു
Tuesday, July 1, 2025 5:32 PM IST
കോഴിക്കോട്: കീം 2025 (കേരള എന്‍ജിനീയറിംഗ് ആര്കിടെക്ചര് മെഡിക്കല്‍ എന്‍ട്രന്‍സ് എക്സാം) ഫലം പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് കോഴിക്കോട്ട് ഫലപ്രഖ്യാപനം നടത്തിയത്.
എൻജിനീയറിംഗ് ഒന്നാം റാങ്ക് മൂവാറ്റുപുഴ കല്ലൂർക്കാട് വട്ടക്കുഴിയിൽ ഹൗസിൽ ജോൺ ഷിനോജിനും രണ്ടാം റാങ്ക് എറണാകുളം ചെറായി കൊട്ടാശേരിൽ ഹൗസിൽ ഹരികൃഷ്ണനും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും നേടി.
86,549 പേരാണ് ആകെ പരീക്ഷ എഴുതിയത്. 76,230 പേരാണ് യോഗ്യത നേടിയത്. യഥാസമയം മാർക്ക് വിവരം സമർപ്പിച്ചവരെ ഉൾപ്പെടുത്തി 67,705 പേരുടെ എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റാണ് തയാറാക്കിയിരിക്കുന്നത്. ഫാർമസി എന്‍ട്രന്‍സ് വിഭാഗത്തില്‍ 33,425 പേര് പരീക്ഷ എഴുതി. 27,841പേര് റാങ്ക് ലിസ്റ്റിലുണ്ട്.