എന്ത് തീരുമാനത്തിനും പൂര്‍ണ സ്വാതന്ത്ര്യം; സംസ്ഥാന ബിജെപിയില്‍ പിടിമുറുക്കി രാജീവ് ചന്ദ്രശേഖർ
Wednesday, July 2, 2025 10:11 PM IST
ന്യൂഡല്‍ഹി: സംസ്ഥാന ബിജെപിയില്‍ രാജീവ് ചന്ദ്രശേഖർ പിടിമുറുക്കുന്നു. എന്ത് തീരുമാനമെടുക്കുന്നതിനും രാജീവ് ചന്ദ്രശേഖറിന് കേന്ദ്ര നേതൃത്വം പൂർണ സ്വാതന്ത്ര്യം നല്‍കിയതായി റിപ്പോർട്ടുകളുണ്ട്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ വേരോടെ പിഴുതെറിയാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാന ഭാരവാഹി യോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ കൂട്ടുനിന്നവരുടെ വിവരങ്ങള്‍ ദേശീയ നേതൃത്വത്തിന് രാജീവ് ചന്ദ്രശേഖര്‍ കൈമാറിയിട്ടുണ്ട്.
ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ ബോധപൂര്‍വ ശ്രമിക്കുന്നതായി പരാതിയുണ്ട്. ഇത്തരക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനാണ് ദേശീയ നേതൃത്വം നിര്‍ദേശിച്ചിരിക്കുകയാണ്.
തൃശൂരിലെ നേതൃയോഗത്തില്‍ നിന്നും മുന്‍ അധ്യക്ഷന്മാരായ വി.മുരളീധരനെയും കെ.സുരേന്ദ്രനെയും മാറ്റി നിര്‍ത്തിയതും വിമര്‍ശനത്തിന് കാരണമായി. കൃഷ്ണകുമാറിനെയും സുധീറിനേയും മാറ്റിനിര്‍ത്തുന്നതായും യോഗത്തില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.