സബ് ഇൻസ്പെക്ടറെന്ന വ്യാജേന പോലീസ് അക്കാദമിയിൽ കറങ്ങി നടന്നു; യുവതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ
Saturday, July 5, 2025 5:17 PM IST
ജയ്പുർ: രാജസ്ഥാൻ പോലീസ് അക്കാദമിയിൽ (ആർപിഎ) രണ്ട് വർഷത്തോളം പോലീസ് സബ് ഇൻസ്പെക്ടറായി നടിച്ച യുവതി അറസ്റ്റിൽ. മോണ ബുഗാലിയ എന്ന മൂലി ആണ് അറസ്റ്റിലായത്.
2023ൽ ജയ്പൂരിലാണ് ഇവർക്കെതിരെ ആദ്യം പരാതി ലഭിച്ചത്. അന്ന് മുതൽ ഇവർ ഒളിവിലായിരുന്നു. സിക്കാർ ജില്ലയിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവർ സബ് ഇൻസ്പെക്ടർ റിക്രൂട്ട്മെന്റ് പരീക്ഷയിൽ പോലും വിജയിച്ചിരുന്നില്ല. ഔദ്യോഗിക യൂണിഫോം ധരിച്ച് നിരവധി പരിശീലന പരിപാടികളിൽ മോണ ബുഗാലിയ പങ്കെടുക്കുകയും ചെയ്തു.
അറസ്റ്റിനു പിന്നാലെ, ബുഗാലിയ താമസിച്ചിരുന്ന വാടക മുറി പോലീസ് പരിശോധിച്ചു. ഇവിടെ നിന്നും ഏഴ് ലക്ഷം രൂപയും മൂന്ന് പോലീസ് യൂണിഫോമുകളും പരീക്ഷാ പേപ്പറുകളും കണ്ടെടുത്തു. കൂടാതെ വ്യാജ രേഖകളും കണ്ടെടുത്തു.
രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ നിംബ കെ ബാസ് ഗ്രാമവാസിയാണ് ബുഗാലിയയെന്ന് പോലീസ് പറഞ്ഞു. ഇവരുടെ അച്ഛൻ ഒരു ട്രക്ക് ഡ്രൈവറാണ്. ഔദ്യോഗിക രേഖകൾ പ്രകാരം രാജസ്ഥാൻ സബ് ഇൻസ്പെക്ടർ റിക്രൂട്ട്മെന്റ് പരീക്ഷയിൽ ഇവർ വിജയിച്ചിട്ടില്ല.
യോഗ്യതാ പരീക്ഷയിൽ പരാജയപ്പെട്ടതിന് പിന്നാലെ മൂലി ദേവി എന്ന പേരിൽ വ്യാജ രേഖകൾ സൃഷ്ടിച്ച്, സബ് ഇൻസ്പെക്ടറായി ജോലി ലഭിച്ചെന്ന് അവകാശപ്പെട്ട് ഇവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.
തുടർന്ന്, സബ് ഇൻസ്പെക്ടർ റിക്രൂട്ട്മെന്റുകൾക്കായി മാത്രമുള്ള ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുകയും സ്പോർട്സ് ക്വാട്ട വഴി സേനയിൽ ചേർന്ന ബാച്ചിലെ ഉദ്യോഗസ്ഥ എന്ന വ്യാജേന എല്ലാവരെയും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.
ഏകദേശം രണ്ട് വർഷത്തോളം, ബുഗാലിയയെ ആർപിഎയുടെ പരേഡ് ഗ്രൗണ്ടിൽ യൂണിഫോമിൽ പതിവായി കാണാറുണ്ടായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഇവർ ഔട്ട്ഡോർ ഡ്രില്ലുകളിൽ പങ്കെടുക്കുകയും ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു.
സംഭവത്തിൽ അധികൃതർ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.