ഭീകരരെ പിന്തുണക്കുന്നവരെയും ഇരകളെയും ഒരുപോലെ കാണരുത്: ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി
Monday, July 7, 2025 12:01 AM IST
റിയോ ഡി ജനീറോ: ഭീകരരെ പിന്തുണക്കുന്നവരെയും ഇരകളെയും ഒരുപോലെ കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രസീലിൽ പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഹൽഗാം ആക്രമണം മാനവരാശിക്കെതിരെയുള്ള ആക്രമണം ആയിരുന്നുവെന്നും പഹൽഗാം ഭീകരാക്രമണ സമയത്ത് ഇന്ത്യക്കൊപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
"മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളിൽ ഒന്നാണ് തീവ്രവാദം. അടുത്തിടെ, പഹൽഗാമിൽ ഇന്ത്യ മനുഷ്യത്വരഹിതമായ ഒരു ഭീകരാക്രമണത്തെ നേരിട്ടു. ഇത് മുഴുവൻ മനുഷ്യരാശിക്കുമെതിരായ ആക്രമണമായിരുന്നു'. പ്രധാനമന്ത്രി മോദി പറഞ്ഞു.
"ഭീകരതയെ മറികടക്കുന്നതിന് ബ്രിക്സ് രാജ്യങ്ങൾ വ്യക്തവും ഏകീകൃതവുമായ നിലപാട് സ്വീകരിക്കണം. ഭീകരത പോലുള്ള ഒരു വിഷയത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല. ഏതെങ്കിലും രാജ്യം ഭീകരതയ്ക്ക് നേരിട്ടോ അല്ലാതെയോ പിന്തുണ നൽകിയാൽ, അതിനുള്ള വില നൽകേണ്ടിവരും'.-പ്രധാനമന്ത്രി പറഞ്ഞു.
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി മോദി ആവർത്തിച്ചു. ലോക സമാധാനവും സുരക്ഷയുമാണ് നമ്മുടെ പൊതുവായ താൽപ്പര്യങ്ങളുടെയും ഭാവിയുടെയും അടിത്തറയെന്ന് പ്രധാമന്ത്രി പറഞ്ഞു.