വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്നു; നാല് ആഫ്രിക്കൻ പൗരന്മാരെ അറസറ്റ് ചെയ്ത് നാട് കടത്തി
Tuesday, July 8, 2025 5:47 AM IST
ഹൈദരാബാദ്: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയതിനും മയക്കുമരുന്ന് കച്ചവടം നടത്തിയതിനും നാല് ആഫ്രിക്കൻ പൗരന്മാരെ അറസ്റ്റ് ചെയ്ത് നാടുകടത്തി.
രണ്ട് നൈജീരിയക്കാർ, ഒരു ടാൻസാനിയൻ പൗരൻ, ഒരു സുഡാനീസ് പൗരൻ എന്നിവർ ടൂറിസ്റ്റ്, മെഡിക്കൽ, സ്റ്റുഡന്റ് വിസകളിലാണ് ഇന്ത്യയിലെത്തിയത്. എന്നാൽ വിസ, പാസ്പോർട്ട് കാലാവധി കഴിഞ്ഞതിന് ശേഷവും ഇവർ ഇന്ത്യയിൽ തന്നെ തുടരുകയായിരുന്നു.
ഹൈദരാബാദ് പോലീസ് ആദ്യം പിടികൂടിയത് ടാൻസാനിയൻ സ്വദേശിയായ മ്വാജുമ അൽമാസി മസിസിലയെയാണ്. ആറ് വർഷം മുമ്പ് ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ യുവതി രാജ്യത്ത് അനധികൃതമായി തുടരുകയായിരുന്നു.
എങ്ങനെ രാജ്യത്ത് തുടർന്നു. എന്ത് തരത്തിലുള്ള ജോലിയാണ് ചെയ്തത്. പ്രതിമാസം 25000 രൂപ വാടകയുള്ള അപ്പാർട്ട്മെന്റ് എങ്ങനെ വാങ്ങി എന്നീ ചോദ്യങ്ങൾക്കുള്ള ഇവരുടെ മറുപടി തൃപ്തികരമല്ലായിരുന്നുവെന്ന് ഹൈദരാബാദ് പോലീസ് ടാസ്ക് ഫോഴ്സ് ഡെപ്യൂട്ടി കമ്മീഷണർ വൈ.വി.എസ് സുധീന്ദ്ര എൻഡിടിവിയോട് പറഞ്ഞു.
ചോദ്യം ചെയ്യലിൽ യുവതിക്ക് മറ്റ് പ്രതികളായ ചിനാസ നന്നാ വിവിയൻ, മാക്സ്വെൽ ആന്റണി ഇസുചുക്വു, അഹമ്മദ് ഹമീദ് എന്നിവരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
29 കാരനായ ഇസുചുക്വു നൈജീരിയയിൽ നിന്ന് മെഡിക്കൽ വിസയിലാണ് വന്നത്. 27 കാരനായ ഹമീദ് സ്റ്റുഡന്റ് വിസയിലാണ് വന്നത്. 38 കാരനായ വിവിയൻ, സിയറ ലിയോൺ പാസ്പോർട്ടിലാണ് (സിയറ ലിയോണിയൻ പൗരന്മാർക്ക് അന്താരാഷ്ട്ര യാത്രയ്ക്കായി നൽകുന്ന ഒരു യാത്രാ രേഖ) ഇന്ത്യയിൽ വന്നത്. എന്നാൽ ഇയാൾ നൈജീരിയൻ പൗരനാണ്.
പരിശോധനയിൽ ഇവരിൽ നിന്ന് മയക്കുമരുന്നുകളൊന്നും പിടിച്ചെടുത്തിട്ടില്ലെങ്കിലും, നാലുപേരും ബംഗളൂരുവിലും ഹൈദരാബാദിലും മയക്കുമരുന്ന് കടത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. ഇവരെ വീണ്ടും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് തടയാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.