നല്ല ചികിത്സ ഇവിടെ കിട്ടുമായിരുന്നെങ്കിൽ മുഖ്യമന്ത്രി എന്തിന് അമേരിക്കയിൽ പോയി: സണ്ണി ജോസഫ്
Wednesday, July 9, 2025 1:00 AM IST
തൃശൂര്‍: കേരളത്തില്‍ നല്ല ചികിത്സാസൗകര്യം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടെ ചികിത്സ തേടുമായിരുന്നല്ലോയെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ടൗൺഹാളിൽ കോൺഗ്രസ് സമരസംഗമപരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു.
കൊട്ടിഘോഷിക്കുന്ന സേവനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്നില്ലെന്നതിനു തെളിവാണ്, സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നു സ്വകാര്യ ആശുപത്രിയില്‍ പോയില്ലായിരുന്നെങ്കില്‍ താന്‍ മരിക്കുമായിരുന്നുവെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന.
ആരോഗ്യമേഖലയില്‍ പ്രതിസന്ധിയുണ്ടെന്ന് ഒരു മന്ത്രിക്കുതന്നെ സമ്മതിക്കേണ്ടിവന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ പ്രതിസന്ധികള്‍ ഓരോന്നായി തെളിവുകള്‍സഹിതം പുറത്തുവരികയാണ്.
ഡോ. ഹാരിസ് തിരുവന്തപുരം ഗവ. മെഡിക്കല്‍ കോളജിന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തിയപ്പോള്‍ സര്‍ക്കാര്‍ തിരുത്തല്‍ വരുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് മറിച്ചായിരുന്നു. മുഖ്യമന്ത്രി ആ ഡോക്ടറെ ശാസിക്കാനും ഭീഷണിപ്പെടുത്താനുമാണു ശ്രമിച്ചത്. അതിനുശേഷമാണു കോട്ടയത്തു ദുരന്തമുണ്ടായത്.
അവിടെയും മന്ത്രിമാര്‍ സ്വീകരിച്ച നിലപാട് നമ്മള് കണ്ടു. ബിന്ദു എന്ന വീട്ടമ്മ രണ്ടരമണിക്കൂറാണു മണ്ണിനടിയില്‍ കിടന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ആരോഗ്യരംഗത്തെ സുശക്തമാക്കാനുള്ള പരിശ്രമം നടന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.