ചരിത്രം കുറിച്ച് ഇറ്റലി; 2026ലെ ടി20 ലോകകപ്പിന് യോഗ്യത നേടി
Friday, July 11, 2025 10:42 PM IST
മിലാന്: 2026ലെ ടി20 ലോകകപ്പിന് യോഗ്യത നേടി ഇറ്റലി. യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ ജേഴ്സിക്കെതിരെ സ്കോട്ലന്ഡ് ഒരു വിക്കറ്റ് തോല്‍വി വഴങ്ങിതോടെയാണ് അവസാന യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് തോറ്റിട്ടും മികച്ച നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ഇറ്റലി ടി20 ലോകകപ്പിന് യോഗ്യത നേടിയത്.
അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് നടക്കുന്നത്. നെതര്‍ലന്‍ഡ്സിനെതിരെ ഇറ്റലി ഒമ്പത് വിക്കറ്റിന് തോറ്റെങ്കിലും ജേഴ്സിയെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റ് നിലനിര്‍ത്താനായാതാണ് അസൂറിപ്പടക്ക് നേട്ടമായത്. മുന്‍ ഓസ്ട്രേലിയന്‍ താരം ജോ ബേണ്‍സ് ആണ് ഇറ്റലിയുടെ ക്യാപ്റ്റൻ.
നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇറ്റലി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സടിച്ചപ്പോള്‍ 16.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓറഞ്ച് പട ലക്ഷ്യത്തിലെത്തി. ജയത്തോടെ നെതര്‍ലന്‍ഡ്സും ഇറ്റലിക്കൊപ്പം യൂറോപ്യന്‍ യോഗ്യതാ ഗ്രൂപ്പില്‍ നിന്ന് ലോകകപ്പ് യോഗ്യത നേടി.
നേരത്തെ സ്കോട്ലന്ഡിനെതിരെ അട്ടിമറി വിജയം നേടിയിട്ടും ജേഴ്സി നെറ്റ് റണ്‍റേറ്റില്‍ പിന്നിലായിപ്പോയതിനാല്‍ ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി. 15 ഓവറിനുള്ളില്‍ ഇറ്റലിയെ നെതര്‍ലന്‍ഡ്സ് തോല്‍പ്പിച്ചാല്‍ മാത്രമെ ജേഴ്സിക്ക് നെറ്റ് റണ്‍റേറ്റില്‍ ഇറ്റലിയെ മറികടന്ന് ലോകകപ്പ് യോഗ്യത നേടാനാവുമായിരുന്നുള്ളു.