നിപ ബാധിച്ച് മരിച്ചയാൾ സഞ്ചരിച്ചത് കെഎസ്ആർടിസി ബസിൽ; സന്പർക്കപട്ടികയിൽ 46 പേർ
Monday, July 14, 2025 11:15 AM IST
തിരുവനന്തപുരം: പാലക്കാട്ട് നിപ ബാധിച്ച് മരിച്ചയാൾ കൂടുതലും യാത്ര ചെയ്തത് കെഎസ്ആർടിസി ബസിൽ. ഇതുവരെ 46 പേരാണ് ആരോഗ്യവകുപ്പിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശിയായ 58 കാരന് ആണ് ശനിയാഴ്ച വൈകുന്നേരം
മരിച്ചത്. ഇയാളുടെ പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചു. കൂടാതെ മരിച്ചയാൾ ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. സമ്പർക്കപ്പട്ടിക വിപുലമായതിനാൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.
അതേസമയം ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം നൽകി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ , വയനാട് എന്നീ ജില്ലകളിലെ ആശുപത്രികൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.