ഇടുക്കിയിൽ ജീപ്പ് സഫാരി വീണ്ടും തുടങ്ങുന്നു; ആദ്യ ഘട്ടം ഒമ്പതു റൂട്ടുകളിൽ
Monday, July 14, 2025 7:31 PM IST
ഇടുക്കി: സുരക്ഷാഭീഷണിയെ തുടർന്ന് ഇടുക്കി ജില്ലയിൽ നിർത്തിവച്ചിരുന്ന ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി. കഴിഞ്ഞ അഞ്ച് മുതൽ നിർത്തിവച്ചിരുന്ന ജീപ്പ് സഫാരി, ഓഫ് റോഡ് പ്രവർത്തനങ്ങൾ ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകി.
ഇടുക്കി, ദേവികുളം സബ്ഡിവിഷന് കീഴിലുള്ള ഒമ്പതു റൂട്ടുകൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകുന്നത്. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ സുരക്ഷാ മാനദണ്ഡങ്ങളും റൂട്ട് അടിസ്ഥാനമാക്കിയുള്ള അനുമതികളും പാലിച്ചായിരിക്കണം പ്രവർത്തനം.
റൂട്ടുകളും സുരക്ഷാ മാനദണ്ഡങ്ങളും നിർണയിക്കുന്നതിനായി ഇടുക്കി ദേവികുളം സബ് കളക്ടർമാർ അധ്യക്ഷരായി റൂട്ട് മോണിറ്ററിംഗ് ആൻഡ് റെഗുലേഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.