പൂട്ടിക്കിടന്ന വീട്ടിലേക്ക് പന്തടിച്ചു; എടുക്കാൻ പോയവർ കണ്ടത് അസ്ഥികൂടം, വർഷങ്ങളുടെ പഴക്കം
Tuesday, July 15, 2025 1:29 AM IST
ഹൈദരാബാദ്: ക്രിക്കറ്റ്കളിക്കിടെ പന്ത് എടുക്കാൻ പോയവർ കണ്ടത് അസ്ഥികൂടം. നമ്പള്ളിയിലെ ഏഴുവർഷമായി പൂട്ടിക്കിടന്നിരുന്ന വീട്ടിൽനിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.
പ്രദേശവാസികൾ ക്രിക്കറ്റ് കളിക്കുമ്പോൾ പന്ത് കെട്ടിടത്തിനുള്ളിലേക്ക് പോയി. പന്ത് എടുക്കാനായി വീടിനുള്ളിൽ കയറിയ പ്രദേശവാസിയാണ് അസ്ഥികൂടം കണ്ടത്. അയാൾ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുകയായിരുന്നു.
അടുക്കളയിലെ തറയിൽ കിടക്കുന്ന രീതിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പാത്രങ്ങൾ ചിതറി കിടക്കുന്നതും വിഡിയോയിൽ കാണാം. വിശദമായ പരിശോധനയ്ക്കായി അസ്ഥികൂടം ഫൊറൻസിക് സംഘത്തിന് കൈമാറി.
ഡപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുടമസ്ഥൻ വർഷങ്ങളായി വിദേശത്താണെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു. മുനീർഖാൻ എന്നയാളിന്റെയാണ് വീടെന്നും അയാളുടെ നാലാമത്തെ മകനാണ് വീട്ടിൽ താമസിച്ചിരുന്നതെന്നും എസിപി കിഷൻ കുമാര്‍ എൻഡിടിവിയോട് പറഞ്ഞു.
‘ മരിച്ചയാൾക്ക് ഏകദേശം 50 വയസുണ്ടാകും. വർഷങ്ങൾക്ക് മുൻപാണ് മരിച്ചത്. എല്ലുകൾ ദ്രവിച്ചിരുന്നു. ബലപ്രയോഗത്തിന്റെയോ രക്തക്കറയുടെയോ അടയാളങ്ങൾ കണ്ടെത്താനായില്ല. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ബന്ധുക്കളുമായി സംസാരിക്കുകയാണ്’–പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.