കീം റാങ്ക് പട്ടിക: വിദ്യാർഥികളുടെ ഹർജി ഇന്നു സുപ്രീം കോടതിയിൽ; സർക്കാർ അപ്പീലിനില്ല
Wednesday, July 16, 2025 9:15 AM IST
കൊച്ചി: കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സ്റ്റേറ്റ് സിലബസ് വിദ്യാർഥികള്‍ നൽകിയ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുത് എന്നാവശ്യപ്പെട്ട് സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളും നല്കിയ ഹര്‍ജിയും ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും.
അതേസമയം, കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതിയെ അറിയിക്കും. പ്രവേശന നടപടികള്‍ ആരംഭിച്ച ഘട്ടത്തിലാണ് തീരുമാനം.
എഐസിടിഇ നിശ്ചയിച്ച സമയപരിധി കര്‍ശനമായി പാലിക്കണമെന്നതും അപ്പീലിന് പോകാത്തതിന് പിന്നിലെ മറ്റൊരു കാരണമാണ്. ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി നടപ്പാക്കിയതിനാൽ ഇതില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. പ്രവേശന നടപടികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നിയമപരമായ ബാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.