യുവാക്കളില്‍ സ്തനവളര്‍ച്ച കൂടുന്നതായി പഠനം
Saturday, July 19, 2025 8:59 PM IST
കോഴിക്കോട്: 18 മുതൽ 25 വയസ് വരെയുള്ള പുരുഷന്മാരിൽ സ്തനവളർച്ച (ഗൈനക്കോമാസ്റ്റിയ) കൂടുന്നതായി പഠനം. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ പ്രതിവർഷം നൂറിലേറെ പേരാണ് ഇത് നീക്കാനായി എത്തുന്നത്.
2020-ൽ 65 പേരാണ് ചികിത്സ തേടിയിരുന്നതെങ്കിൽ 2024-ൽ 112 പേരെത്തി. 2023-ൽ 138 പേരും. സമാന വർധന മറ്റു മെഡിക്കൽ കോളേജുകളിലുമുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇതിൽ 80 ശതമാനവും രോഗാവസ്ഥയ്ക്ക് പ്രത്യേക കാരണങ്ങൾ കണ്ടെത്താനായിട്ടില്ല.
ഹോർമോൺ വ്യതിയാനങ്ങൾക്കൊപ്പം ജീവിതശൈലി മാറ്റവും കാരണമാകുന്നുവെന്നാണ് നിഗമനം. ആൺകുട്ടികളിൽ അപകർഷത ബോധമുൾപ്പെടെ മാനസിക പ്രയാസങ്ങൾക്കിടയാക്കുന്നതാണ് ഗൈനക്കോമാസ്റ്റിയ. ഗവ. മെഡിക്കൽ കോളജ് പ്ലാസ്റ്റിക് സർജറി വിഭാഗം 73 പേരിൽ നടത്തിയ പഠനത്തിൽ 47.95 ശതമാനം കാരണം ഹോർമോൺ വ്യതിയാനമാണ്.
അതേസമയം ഇവർ കഴിക്കുന്ന ഭക്ഷണം, ശരീരഭാരം, കായികാധ്വാനം എന്നിവയുമായി പൊതുബന്ധങ്ങൾ കണ്ടെത്താനായിട്ടില്ല. 2.7 ശതമാനത്തിന് ഹോർമോൺ ഉൽപ്പാദനമില്ലായ്മയും (ഹൈപ്പോഗൊനഡിസം) 1.4 ശതമാനം ലഹരി, മറ്റു മരുന്ന് ഉപയോഗവുമാണ് കാരണം. മസിൽ വളർച്ചയ്ക്ക് ഉപയോഗിക്കുന്ന അനബോളിക് സ്റ്റിറോയ്ഡ്, സോയ ഉൾപ്പെടുന്ന പ്രോട്ടീൻ പൗഡർ എന്നിവയും കാരണമാകുന്നു.
അമിതവണ്ണം, ഹോർമോൺ തകരാറുകൾ, തലയിൽ പിറ്റ്യൂട്ടറി ട്യൂമർ, ചില അർബുദങ്ങൾ തുടങ്ങിയവയുടെ ഭാഗമായും ഈ അവസ്ഥ കാണുന്നുണ്ട്. ക്രോമസോം വ്യത്യാസം വരുമ്പോൾ സ്ത്രീ ഹോർമോണുകൾ കൂടുന്ന സാഹചര്യത്തിലും സ്തനവളർച്ച കാണാറുണ്ട്.