മയക്കുമരുന്ന് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ആഘോഷം; 45 പേർ അറസ്റ്റിൽ
Monday, July 21, 2025 9:56 AM IST
മുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ പ്രതി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് ആഘോഷിച്ച 45 പേർ അറസ്റ്റിൽ. മുംബൈയിലാണ് സംഭവം.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം അറസ്റ്റിലായ മയക്കുമരുന്ന് കച്ചവടക്കാരൻ കമ്രാൻ മുഹമ്മദ് ഖാൻ ജൂലൈ 16ന് താനെ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നു.
ഇയാൾ ജയിലിന് പുറത്തിറങ്ങിയപ്പോൾ, ജയിലിലെ മുൻ സഹ തടവുകാരും സുഹൃത്തുക്കളായ 35പേരും ജയിലിന് മുന്നിൽ തടിച്ചു കൂടി. തുടർന്ന് നിരവധി കാറുകളുടെ അകമ്പടിയോടെ അവിടെ നിന്നും മീരാ റോഡിലെ നയനഗറിലേക്ക് പോയി. അവിടെ ഒരു ഹോട്ടലിന് മുന്നിൽ ഒത്തുകൂടിയ സംഘം, പടക്കം പൊട്ടിക്കുകയും ഉച്ചത്തിൽ സംഗീതം വയ്ക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തു.
സംഭവം പൊതുജനങ്ങളിൽ ഭീതിജനിപ്പിച്ചിരുന്നു. കൂടാതെ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ, മീര-ഭായന്ദർ വസായ്-വിരാർ (എംബിവിവി) പോലീസ് ശനിയാഴ്ച 45 പേർക്കെതിരെ സെക്ഷൻ 189 (നിയമവിരുദ്ധമായി സംഘം ചേരൽ), ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), മഹാരാഷ്ട്ര പോലീസ് ആക്ട് എന്നിവ പ്രകാരം കേസെടുക്കുകയായിരുന്നു.
45 പ്രതികളിൽ ഒമ്പത് പേരുടെ പേര് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു.