മതഭ്രാന്ത് തലയ്ക്ക് പിടിച്ച രാജ്യം; യുഎന്നിൽ പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ച് ഇന്ത്യ
Wednesday, July 23, 2025 11:32 AM IST
ന്യൂഡൽഹി: യുഎൻ ദേശീയ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. മതഭ്രാന്ത് തലയ്ക്ക് പിടിച്ച രാജ്യമാണ് പാക്കിസ്ഥാനെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡറായ പർവതനേനി ഹരീഷ് വിമർശിച്ചു.
സമാധാനവും ബഹുമുഖത്വവും എന്ന വിഷയത്തിൽ ചർച്ച നടക്കവേ പാകിസ്ഥാൻ പ്രതിനിധിയുടെ പരാമർശങ്ങളിൽ മറുപടി പറയുകയായിരുന്നു ഇന്ത്യ. ഒരു വശത്ത് പക്വതയാർന്ന ജനാധിപത്യവും, കുതിച്ചുയരുന്ന സമ്പദ്വ്യവസ്ഥയും, ബഹുസ്വരതയുമായി ഇന്ത്യ നിലകൊള്ളുന്നു. മറുവശത്ത് മതഭ്രാന്തിനെയും ഭീകരതയെയും പിന്തുണയ്ക്കുന്ന രാജ്യമായി പാക്കിസ്ഥാനും.
ഏപ്രിൽ 22ന് ജമ്മുകാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവും അദ്ദേഹം പരാമർശിച്ചു. അതിർത്തി കടന്നുള്ള ഭീകരത വളർത്തുന്ന രാജ്യങ്ങൾക്ക് ഗുരുതരമായ വില നൽകേണ്ടിവരുമെന്നും ഓപ്പറേഷൻ സിന്ദൂർ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.