വി. എസിന്റെ വിയോഗം സിപിഎമ്മിനും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടം: അനുസ്മരിച്ച് നേതാക്കൾ
Wednesday, July 23, 2025 10:28 PM IST
ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമെന്ന് നേതാക്കൾ. വി. എസിന്റെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ വലിയ ചുടുകാടിൽ നടന്ന അനുസ്മരണ യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷനായി.
ആധുനിക കേരളത്തെ സൃഷ്ടിച്ചെടുത്ത അനേകം മഹാരഥന്മാരിൽ ഒരാളാണ് വി.എസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിയോഗം സിപിഎമ്മിനും നാടിനാകെയും വലിയ നഷ്ടമാണെന്നും അദ്ദേഹം അനുസ്മരിച്ചു. കേരളത്തിന്റെ ഉത്തമനായ സന്താനത്തെ അതേ രീതിയിൽ കണ്ട് അംഗീകരിക്കാൻ എല്ലാവരും സന്നദ്ധരായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
"പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നേതൃനിരയിൽ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ച നേതാവാണ് വിഎസ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മികവാർന്ന സംഘാടകനായിരുന്നു.'-പിണറായി വിജയൻ പറഞ്ഞു.
വിഎസ് തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സൃഷ്ടിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു.ഇത്തരത്തിലുള്ളൊരു വിഎസ് ഉണ്ടായത് ചെങ്കൊടി പ്രസ്ഥാനത്തിൻ്റെ കൊടിക്കീഴിൽ നടത്തിയ സമരപോരാട്ടങ്ങളിലൂടെയാണെന്ന് എംഎ ബേബി പറഞ്ഞു.
അടിമകളെപ്പോലെ ജീവിച്ച കർഷകത്തൊഴിലാളികളെ മനുഷ്യരാക്കി മാറ്റി. അങ്ങനെ കർഷകത്തൊഴിലാളികളെ ചെങ്കൊടി പ്രസ്ഥാനത്തിൻ്റെ അടിസ്ഥാനമാക്കിയത് വിഎസാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളും അപവാദ പ്രചരണങ്ങളും എത്ര നിരർത്ഥകമെന്നത് ഈ സമയം മനസിലാക്കാം. വി.എസ് തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സൃഷ്ടിയെന്ന് ഓർമിക്കണമെന്നും എംഎ ബേബി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൻ.കെ പ്രേമചന്ദ്രൻ എംപി തുടങ്ങി നിരവധി നേതാക്കളും വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് യോഗത്തിൽ സംസാരിച്ചു.