പന്തിന് പരിക്ക്; ഇന്ത്യ ഭേദപ്പെട്ട നിലയിൽ
Thursday, July 24, 2025 12:46 AM IST
മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. ആദ്യ ദിവസത്തെ കളിയവസാനിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെന്ന നിലയിലാണ്. 19 റണ്‍സ് വീതമെടുത്ത് രവീന്ദ്ര ജഡേജയും ശാര്‍ദുല്‍ താക്കൂറുമാണ് ക്രീസില്‍.
ക്ഷമയോടെയുള്ള ബാറ്റിംഗും മികച്ച കൂട്ടുകെട്ടുകളും കണ്ട ദിനത്തിൽ റിഷഭ് പന്തിന് പരിക്കേറ്റ് കളം വിടേണ്ടി വന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും കെ.എൽ. രാഹുലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്.
ഇരുവരും ചേർന്ന് 94 റൺസിന്റെ മികച്ച കൂട്ടുകെട്ട് സ്ഥാപിച്ചു. ജയ്സ്വാൾ 58 റൺസെടുത്തപ്പോൾ രാഹുൽ 46 റൺസുമായി മികച്ച പിന്തുണ നൽകി. ജയ്സ്വാളിനെ ഡോസണും രാഹുലിനെ വോക്സും പുറത്താക്കിയതോടെ ഇരുവരും പെട്ടെന്ന് കൂടാരം കയറി.
അധികം വൈകാതെ ബെന്‍ സ്റ്റോക്ക്സിന്റെ പന്തില്‍ ക്യാപ്റ്റന്‍ ഗില്ലിനും പിഴച്ചു. 23 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത താരം പന്ത് ലീവ് ചെയ്യാനുള്ള ശ്രമത്തിനിടെ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. നാലാം വിക്കറ്റില്‍ ഒന്നിച്ച സായ് സുദര്ശന് - ഋഷഭ് പന്ത് സഖ്യം ഇന്ത്യന്‍ ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു.
ക്രിസ് വോക്സ് എറിഞ്ഞ 68-ാം ഓവറില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച് പന്തിന്റെ കാലിന് പരിക്കേൽക്കുകയായിരുന്നു. കാല് നിലത്തുകുത്താന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു പന്ത്. തുടര്‍ന്ന് സ്റ്റേഡിയത്തിലെ ബഗ്ഗി ആംബുലന്‍സ് എത്തിയാണ് പന്തിനെ പുറത്തേക്ക് കൊണ്ടുപോയത്.
48 പന്തില്‍ നിന്ന് 37 റണ്‍സെടുത്തുനില്‍ക്കേ പന്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. പിന്നാലെ നിലയുറപ്പിച്ചിരുന്ന സായ് സുദര്‍ശനെയും(61) ഇന്ത്യയ്ക്ക് നഷ്ടമായി. ഇംഗ്ലണ്ടിനായി സ്റ്റോക്ക്സ് രണ്ടും വോക്സും ലിയാൺ ഡോസണും ഒരോവിക്കറ്റ് വീതംവീഴ്ത്തി.