നേർക്കുനേർ മത്സരിക്കാൻ ജഗദീഷും ശ്വേത മേനോനും; പ്രസിഡന്റ് സ്ഥാനത്തേയ്ക്കില്ലെന്ന് ഉറപ്പിച്ച് മോഹൻലാൽ
Thursday, July 24, 2025 12:32 PM IST
കൊച്ചി: അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ആവർത്തിച്ച് മോഹൻലാൽ. ഇതോടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജഗദീഷ് മത്സരിക്കുമെന്നാണ് സൂചന. കുഞ്ചാക്കോ ബോബനും വിജയരാഘവനും മത്സരിക്കുന്നില്ലെങ്കിൽ താൻ മത്സരിക്കുമെന്നാണ് ജഗദീഷ് വ്യക്തമാക്കിയിരിക്കുന്നത്.
അമ്മയിലെ താരങ്ങളിൽ നിന്ന് ജഗദീഷ് പിന്തുണ തേടിയിട്ടുണ്ട്. അതേസമയം നടി ശ്വേത മേനോനും നടൻ രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചേക്കുമെന്നാണ് സൂചന.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബു രാജിനൊപ്പം ജോയ് മാത്യു മത്സരിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, 11 അംഗ എക്സിക്യൂട്ടീവ് എന്നിവയടക്കം 17 പേരെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 15ന് രാവിലെ 10 മുതല്‍ ഒന്നുവരെ ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലെണ്ണം വനിതാ സംവരണമാണ്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. 31ന് അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കും.
ഓഗസ്റ്റ് 15ന് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് പുതിയ ഭരണസമിതി സ്ഥാനമേല്‍ക്കും. കുഞ്ചന്‍, പൂജപ്പുര രാധാകൃഷ്ണന് എന്നിവരാണു തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍. അഡ്വ. കെ. മനോജ് ചന്ദ്രനാണു വരണാധികാരി.
മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തു തുടരണമെന്ന് അഡ്ഹോക് കമ്മിറ്റിയുടെ അവസാനയോഗം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. സീനിയര്‍ നടനായ വിജയരാഘവനെ ഈ സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള ശ്രമം ഒരുവിഭാഗം നടത്തുന്നുണ്ട്.
യുവനടന് കുഞ്ചാക്കോ ബോബന്റെ പേരും ഉയരുന്നുണ്ട്. പ്രധാന ഭാരവാഹിത്വത്തിലേക്കു വനിതകളെ കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സജീവ ചര്‍ച്ചയല്ലെങ്കിലും വനിതാ അംഗങ്ങളുടെ നിലപാടും വോട്ടെടുപ്പില്‍ നിര്‍ണായകമാകും.
മോഹന്‍ലാല്‍ പ്രസിഡന്റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായി കഴിഞ്ഞവര്‍ഷം ചുമതലയേറ്റ ഭരണസമിതിക്ക് 2027 വരെ തുടരാമായിരുന്നു. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദമാണ് സംഘടനയില്‍ അഴിച്ചുപണിക്കു വഴിയൊരുക്കിയത്.
പീഡനപരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 25ന് സിദ്ദിഖ് രാജിവച്ചു. 27ന് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭരണസമിതിയാകെ രാജി നല്‍കിയെങ്കിലും അഡ്ഹോക് കമ്മിറ്റിയായി തുടര്‍ന്നു. രണ്ടുമാസത്തിനകം പുതിയ ഭരണസമിതി ചുമതലയേല്‍ക്കുമെന്ന് അന്നു പ്രഖ്യാപിച്ചെങ്കിലും ഒരുവര്‍ഷം തികയുമ്പോഴാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.