49 പേരുമായി പോയ റഷ്യൻ യാത്രാ വിമാനം തകർന്നുവീണു; എല്ലാവരും മരിച്ചെന്ന് റിപ്പോർട്ട്
Thursday, July 24, 2025 1:53 PM IST
മോസ്കോ: 49 പേരുമായി സഞ്ചരിച്ച റഷ്യന്‍ വിമാനം പറക്കലിനിടെ തകർന്നുവീണു. കിഴക്കൻ റഷ്യയിൽ ചൈനീസ് അതിർത്തിയിലാണ് വിമാനം തകർന്നുവീണത്. റഷ്യൻ സിവിൽ ഡിഫൻസാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് റിപ്പോർട്ട്.
സൈബീരിയന്‍ കമ്പനിയായ അന്‍ഗാര എയര്‍ലൈന്‍സിന്റെ എഎൻ-24 എന്ന യാത്രാവിമാനമാണ് അപകടത്തിൽപെട്ടത്. അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുള്ളതായാണ് വിവരം.
റഷ്യയിലെ അമുര്‍ മേഖലയ്ക്ക് മുകളില്‍ വെച്ചാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല.