പണം കടം നൽകിയില്ല; യുവാവിനെ കൊലപ്പെടുത്തി
Monday, July 28, 2025 3:17 AM IST
ന്യൂഡൽഹി: കടമായി പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ യുവാവിനെ മർദിച്ചുകൊന്നു. ഛത്തർപൂരിലെ ഒരു ഫാംഹൗസിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി സീതാറാം (42) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഇതേ ഫാം ഹൗസിലെ ഡ്രൈവർ ചന്ദ്രപ്രകാശ് (47) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈ ഫാം ഹൗസിലെ ജീവനക്കാരനായിരുന്നു സീതാറാം. ഫാം ഹൗസിൽ ഒറ്റയ്ക്കാണ് സീതാറാം താമസിച്ചിരുന്നത്. ഇയാളെ കാണാതായതായി മെഹ്റൗളി പോലീസ് സ്റ്റേഷനിൽ ജൂലൈ 26 ന് പരാതി ലഭിച്ചു.
തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിൽ ഫാം ഹൗസിനുള്ളിലെ സെപ്റ്റിക് ടാങ്കിൽ നിന്നും ഇയാളുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചു.
കൊലപാതകത്തിന് പിന്നാലെ ഒളിവിലായിരുന്ന ചന്ദ്രപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.