ആർഎസ്എസിന്റെ പരിപാടിക്ക് പോകുന്നവരെ സ്ഥാനത്തുനിന്ന് മാറ്റണം: മന്ത്രി ശിവൻകുട്ടി
Monday, July 28, 2025 11:05 AM IST
തിരുവനന്തപുരം: ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയിൽ ഇടത് നോമിനിയായ കുഫോസ് വിസി എ.ബിജുകുമാര്‍ പങ്കെടുത്തതിനെതിരേ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ആർഎസ്എസിന്റെ പരിപാടിക്ക് പോകുന്നവരെ ആ സ്ഥാനത്ത് ഇരുത്തേണ്ട കാര്യമില്ലെന്ന് മന്ത്രി പ്രതികരിച്ചു.
സർക്കാർ പ്രതിനിധി സർക്കാരിന്റെ അനുവാദമില്ലാതെയായാണ് പരിപാടിയിൽ പങ്കെടുത്തത്. ഇത്തരക്കാരെ സ്ഥാനത്തുനിന്ന് മാറ്റണം. ഇക്കാര്യത്തിൽ ഉന്നതവിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും വിമര്‍ശനം മുഖവിലയ്ക്കെടുക്കാതെ കേരളത്തിലെ നാല് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തിരുന്നു. ആരോഗ്യസര്‍വകലാശാല വൈസ്ചാന്‍സലര്‍ മോഹനന് കുന്നുമ്മല്‍, കാലിക്കറ്റ് സര്‍വകലാശാല വിസി പി.രവീന്ദ്രന്, കുഫോസ് വിസി എ .ബിജുകുമാര്‍, കണ്ണൂര്‍ വിസി കെ.കെ സാജു എന്നിവര്‍ ജ്ഞാനസഭയുടെ ഭാഗമായി വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതം എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തു.
സെമിനാറില്‍ പങ്കെടുത്തെങ്കിലും ആര്‍എസ്എസ് മേധാവിക്കൊപ്പമുള്ള പരിപാടിയുടെ ഭാഗമായിട്ടില്ലെന്ന് ബിജുകുമാര്‍ വിശദീകരണം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.