കന്യാസ്ത്രീകളുടെ അറസ്റ്റ്; പാർലമെന്റിൽ പ്രതിഷേധം, ഇരുസഭകളും സ്തംഭിച്ചു
Monday, July 28, 2025 1:31 PM IST
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്നു ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് രണ്ട് വരെ നിർത്തിവച്ചു.
കേരളത്തിൽ നിന്നുള്ള എംപിമാരാണ് സഭയിൽ വിഷയം ഉന്നയിച്ചത്. ലോക്സഭയില്‍ അടിയന്തര പ്രമേയത്തിനും രാജ്യസഭയില്‍ ചര്‍ച്ചക്കും എംപിമാര്‍ നോട്ടീസ് നല്കി. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ആര്‍എസ്പി, സിപിഎം, സിപിഐ എംപിമാര്‍ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇരു സഭകളും ആവശ്യം അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. പിന്നാലെ ഇരു സഭകളും നിർത്തിവയ്ക്കുകയായിരുന്നു.
ലോക്സഭയിൽ വിഷയം ചർച്ച ചെയ്യാനാകില്ലെന്ന് പറഞ്ഞതോടെ സഭയുടെ നടുത്തളത്തിലേക്ക് പ്രതിപക്ഷം പ്രതിഷേധമായി ഇറങ്ങുകയായിരുന്നു. സഭയുടെ അന്തസ് കളങ്കപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. സഭാ ചട്ടങ്ങൾ ലംഘിച്ചെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കാണിച്ചാണ് സ്പീക്കർ സഭ നിർത്തിവച്ചത്.
രാവിലെ പാര്‍ലമെന്റ് കവാടത്തില്‍ കേരള എംപിമാര്‍ പ്രതിഷേധിച്ചു. യുഡിഎഫ് പ്രതിഷേധത്തിനൊപ്പം ചേരാതെ ഇടത് എംപിമാര്‍ പ്രത്യേകം പ്രതിഷേധിച്ചു.