ഓപ്പറേഷന് സിന്ദൂര്‍ നിര്‍ത്തിയത് ബാഹ്യസമ്മര്ദംകൊണ്ടല്ല; പാക്കിസ്ഥാന് തോല്‍വി സമ്മതിച്ചെന്ന് പ്രതിരോധമന്ത്രി
Monday, July 28, 2025 2:33 PM IST
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറില്‍ ലോക്സഭയില്‍ ചര്‍ച്ച തുടങ്ങി. ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ച ധീരമായ നടപടിയാണ് ഓപ്പറേഷന് സിന്ദൂറെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സഭയില്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായിരുന്നു. ഭീകരര്‍ക്ക് പാക്കിസ്ഥാന്റെ സഹായം ലഭിച്ചു. മേയ് ഏഴിന് രാത്രി 1:05ന് ഓപ്പറേഷന് സിന്ദൂര്‍ ആരംഭിച്ചു.
ഇന്ത്യയുടെ ഐതിഹാസിക നപടിയായിരുന്നു ഇത്. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ കൃത്യമായി തകര്‍ത്തു. നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടു. വ്യക്തമായ തെളിവുകളോടെയാണ് ഇന്ത്യ ഈ വിവരം പുറത്തുവിട്ടത്.
ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് നേരത്തേ പാക് ഡിഇഎംഒയെ ഇന്ത്യ അറിയിച്ചിരുന്നു. ഹനുമാന് ലങ്കയില്‍ ചെയ്തതുപോലെ ഇന്ത്യ പ്രവര്‍ത്തിച്ചെന്നും മന്ത്രി പറഞ്ഞു,
പ്രത്യാക്രമണത്തെ ഇന്ത്യ ശക്തമായി എതിര്‍ത്തു. ഇന്ത്യയുടെ ഒരു പ്രതിരോധകേന്ദ്രവും തൊടാന്‍ കഴിഞ്ഞില്ല. ആധുനിക യുദ്ധസംവിധാനങ്ങള്‍ ഇന്ത്യ പ്രയോജനപ്പെടുത്തി.
ആക്രമണത്തില്‍ ഭയന്ന പാക്കിസ്ഥാന് ചര്‍ച്ചയ്ക്ക് തയാറായി. ഒടുവില്‍ പാക്കിസ്ഥാന് തോല്‍വി സമ്മതിച്ചെന്നും മന്ത്രി വ്യക്തമാക്കി.
ഓപ്പറേഷന് സിന്ദൂര്‍ നിര്‍ത്തിയതിന് പിന്നില്‍ ബാഹ്യസമ്മര്‍ദമില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളിക്കൊണ്ട് മന്ത്രി പറഞ്ഞു. പാക്കിസ്ഥാന് ആവശ്യപ്പെട്ടതുപകാരമാണ് സൈനിക നടപടി നിര്‍ത്തിയത്.
ഓപ്പറേഷന് സിന്ദൂര്‍ ഇന്ത്യ അവസാനിപ്പിച്ചിട്ടില്ല. പാക് അഭ്യര്‍ഥനയില്‍ മരവിപ്പിച്ചതാണ്. പാക്കിസ്ഥാന് സാഹസത്തിന് ശ്രമിച്ചാല്‍ ഇത് വീണ്ടും തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.