വൈക്കത്ത് വള്ളംമറിഞ്ഞുണ്ടായ അപകടം; നേവിയുടെ സഹായം തേടും
Monday, July 28, 2025 6:11 PM IST
കോട്ടയം: വൈക്കത്ത് വള്ളംമറിഞ്ഞ് കാണാതായ ആളെ കണ്ടെത്തുന്നതിനായി തെരച്ചിൽ ഊർജിതമാക്കി. ചെമ്പിനു സമീപം തുരുത്തേൽ മുറിഞ്ഞപുഴയിൽ 20 പേരുമായി പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്.
കാണാതായ പാണാവള്ളി സ്വദേശി കണ്ണനെ കണ്ടെത്തുന്നതിനായി നേവിയുടെ സഹായം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപകടത്തിൽപ്പെട്ട അഞ്ച് പേരെ രക്ഷിച്ച ശേഷമാണ് കണ്ണനെ കാണാതായത്.
കാട്ടിക്കുന്നിലെ മരണ വീട്ടിൽ നിന്ന് തിരിച്ചുപോകുന്നവരുമായി പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
മുറിഞ്ഞപുഴയിൽ നിന്ന് പാണാവള്ളിയിലേക്ക് കായലിലൂടെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരമുണ്ട്. ശക്തമായ കാറ്റിൽ ഓളം അടിച്ചതിനെ തുടർന്ന് വള്ളം മറിയുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു.