പകരം വനവത്കരണം കേരളം ഏറെ പിന്നിൽ; പകുതിപോലും പൂർത്തീകരിച്ചിട്ടില്ല
Tuesday, July 29, 2025 12:11 AM IST
ന്യൂഡൽഹി: വനേതര ആവശ്യത്തിനു വനഭൂമി ഉപയോഗിക്കുന്പോൾ പരിഹാരമായി പകരം വനവത്കരണം നടത്തുന്ന പദ്ധതിക്കു കീഴിൽ കേരളം തങ്ങളുടെ ലക്ഷ്യത്തിന്റെ പകുതിപോലും പൂർത്തീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്.
പകരം വനവത്കരണത്തിന്റെ പുരോഗതി വിലയിരുത്താനായി സുപ്രീംകോടതി നിയോഗിച്ച സെൻട്രൽ എംപവേഡ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലാണ് കേരളം 2019-20നും 2023-24നും ഇടയിൽ പദ്ധതിയിട്ടതിന്റെ 39.7 ശതമാനം മാത്രമാണ് നടപ്പിലാക്കിയിരിക്കുന്നതെന്നു വ്യക്തമാക്കിയിട്ടുള്ളത്.
ഇതേ കാലയളവിൽ രാജ്യത്തു ലക്ഷ്യം വച്ചതിന്റെ 85 ശതമാനം വനവത്കരണവും നടപ്പിലാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2019-20നും 2023-24നും ഇടയിൽ 2,09,297 ഹെക്ടറിൽ പകരം വനവത്കരണം നടപ്പിലാക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടതെന്നും ഇതിൽ 1,78,261 ഹെക്ടർ നടപ്പിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് പ്രകാരം ഗുജറാത്ത്, ചണ്ഡിഗഡ്, മിസോറം, മധ്യപ്രദേശ് എന്നിവ ലക്ഷ്യം പൂർത്തിയാക്കിയപ്പോൾ കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളാണ് പിറകിലായിരിക്കുന്നത്.
മേഘാലയ തങ്ങളുടെ ലക്ഷ്യത്തിന്റെ 22.3 ശതമാനം മാത്രം പൂർത്തിയാക്കിയപ്പോൾ മണിപ്പുർ 37.9 ശതമാനം, പശ്ചിമ ബംഗാൾ 39.2 ശതമാനം, തമിഴ്നാട് 32.3 ശതമാനം, ആന്ധ്രപ്രദേശ് 40.1 ശതമാനം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ. 433.06 ഹെക്ടർ ഭൂമിയിൽ വനവത്കരണം നടപ്പാക്കാനാണ് കേരളം പദ്ധതിയിട്ടതെങ്കിലും 171.80 ഹെക്ടർ ഭൂമിയിൽ മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്.
ഈ മാസം ആദ്യം സമർപ്പിച്ച റിപ്പോർട്ടിൽ പകരം വനവത്കരണ ഫണ്ട് മാനേജ്മെന്റ് പ്ലാനിംഗ് അഥോറിറ്റിയുടെ (സിഎഎംപിഎ) കീഴിലെ ഫണ്ടുകൾ സംസ്ഥാനങ്ങൾ വിനിയോഗിച്ചതിനെക്കുറിച്ചും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നുണ്ട്.
2019-20നും 2023-24നും ഇടയിൽ സംസ്ഥാന വാർഷിക പദ്ധതികൾക്കായി 38,516 കോടി രൂപയാണ് ദേശീയ സിഎഎംപിഎ അംഗീകരിച്ചിട്ടുള്ളത്.
പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾ അവരുടെ വനംവകുപ്പുകൾക്കായി 29,311 കോടി രൂപയാണ് പുറത്തുവിട്ടിട്ടുള്ളത്.
പദ്ധതിക്കായി അംഗീകരിച്ച വിഹിതത്തിന്റെ 67.5 ശതമാനം മാത്രമാണ് സംസ്ഥാനങ്ങൾ ചെലവഴിച്ചിട്ടുള്ളതെന്നാണ് ഇത് അർഥമാക്കുന്നത്. ചില സംസ്ഥാനങ്ങൾ 90 ശതമാനത്തിലേറെ ഫണ്ട് വിനിയോഗിച്ചിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളും ഫണ്ടിന്റെ 60 ശതമാനം പോലും ചെലവഴിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.