അഞ്ചാം മത്സരവും തൂക്കി; വിൻഡീസിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഓസീസ്
Tuesday, July 29, 2025 9:07 AM IST
ബാസറ്റർ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഓസ്ട്രേലിയ. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ മൂന്നുവിക്കറ്റിനായിരുന്നു സന്ദർശകരുടെ ജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം 18 പന്ത് ബാക്കിനില്‍ക്കെ ഓസീസ് മറികടന്നു.
കാമറൂൺ ഗ്രീൻ (32), മിച്ചൽ ഓവൻ (37), ടിം ഡേവിഡ് (30), ആരോൺ ഹാർഡി (28*) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിന് വിജയം സമ്മാനിച്ചത്. പരമ്പരയിൽ 205 റൺസ് അടിച്ചുകൂട്ടിയ കാമറൂൺ ഗ്രീൻ ആണ് പരമ്പരയുടെ താരം.
വിൻഡീസിനു വേണ്ടി അകീൽ ഹൊസൈൻ മൂന്നും ജേസൺ ഹോൾഡർ, അൽസാരി ജോസഫ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, സെന്റ് കിറ്റ്സിലെ ബാസറ്റർ വാർണർ പാർക്കിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയർ വെടിക്കെട്ട് അർധസെഞ്ചുറി നേടിയ ഷിമ്രോൺ ഹെറ്റ്മെയറുടെ ഇന്നിംഗ്സ് കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 31 പന്തിൽ മൂന്നുവീതം സിക്സറുകളും ബൗണ്ടറികളും ഉൾപ്പെടെ താരം 52 റൺസെടുത്തു.
ഷെർഫാൻ റുഥർഫോർഡ് (35), ജേസൺ ഹോൾഡർ (20) എന്നിവരും ഹെറ്റ്മെയറിന് മികച്ച പിന്തുണ നല്കി. ഓസീസിനു വേണ്ടി ബെൻ ഡ്വാർഷുയിസ് മൂന്നു വിക്കറ്റും നഥാൻ എല്ലിസ് രണ്ടും ആരോൺ ഹാർഡി, സീൻ ആബട്ട്, ഗ്ലെൻ മാക്സ്വെൽ, ആദം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.