പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്നും ജഗദീഷ് പിൻമാറുന്നു?; ശ്വേത മേനോന് സാധ്യതയേറുന്നു
Tuesday, July 29, 2025 10:16 AM IST
കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്നും ജഗദീഷ് പിൻമാറുന്നതായി സൂചന. മോഹൻലാലും മമ്മൂട്ടിയുമായി സംസാരിച്ചെന്നും ഇരുവരും സമ്മതിച്ചാൽ പത്രിക പിൻവലിക്കുമെന്നും ജഗദീഷ് പറഞ്ഞു.
ഇതോടെ നടി ശ്വേത മേനോന് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള സാധ്യതയേറുകയാണ്. ഒരു വനിത താരസംഘടനയുടെ തലപ്പത്തേക്ക് എത്താനൊരുങ്ങുന്നത് ആദ്യമായാണ്. അങ്ങനെ വരുമ്പോൾ താൻ മത്സരത്തിന് നിൽക്കുന്നത് ശരിയല്ലെന്നാണ് ജഗദീഷിന്റെ നിലപാട്.
ജഗദീഷ്, ശ്വേതാ മേനോന്, രവീന്ദ്രന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, ദേവന് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിന് പത്രിക നൽകിയിരിക്കുന്നത്. ബാബുരാജ്, അനൂപ് ചന്ദ്രന്, രവീന്ദ്രന്, ജയന് ചേര്‍ത്തല, കുക്കു പരമേശ്വരന് എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്.
പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, 11 അംഗ എക്സിക്യൂട്ടീവ് എന്നിവയടക്കം 17 പേരെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 15ന് രാവിലെ 10 മുതല്‍ ഒന്നുവരെ ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലെണ്ണം വനിതാ സംവരണമാണ്. 31ന് അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കും.
ഓഗസ്റ്റ് 15നാണ് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് പുതിയ ഭരണസമിതി സ്ഥാനമേല്‍ക്കും. കുഞ്ചന്‍, പൂജപ്പുര രാധാകൃഷ്ണന് എന്നിവരാണു തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍. അഡ്വ. കെ. മനോജ് ചന്ദ്രനാണു വരണാധികാരി.
മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തു തുടരണമെന്ന് അഡ്ഹോക് കമ്മിറ്റിയുടെ അവസാനയോഗം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. പ്രധാന ഭാരവാഹിത്വത്തിലേക്കു വനിതകളെ കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സജീവ ചര്‍ച്ചയല്ലെങ്കിലും വനിതാ അംഗങ്ങളുടെ നിലപാടും വോട്ടെടുപ്പില്‍ നിര്‍ണായകമാകും.
മോഹന്‍ലാല്‍ പ്രസിഡന്റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായി കഴിഞ്ഞവര്‍ഷം ചുമതലയേറ്റ ഭരണസമിതിക്ക് 2027 വരെ തുടരാമായിരുന്നു. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദമാണ് സംഘടനയില്‍ അഴിച്ചുപണിക്കു വഴിയൊരുക്കിയത്.
പീഡനപരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 25ന് സിദ്ദിഖ് രാജിവച്ചു. 27ന് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭരണസമിതിയാകെ രാജി നല്‍കിയെങ്കിലും അഡ്ഹോക് കമ്മിറ്റിയായി തുടര്‍ന്നു. രണ്ടുമാസത്തിനകം പുതിയ ഭരണസമിതി ചുമതലയേല്‍ക്കുമെന്ന് അന്നു പ്രഖ്യാപിച്ചെങ്കിലും ഒരുവര്‍ഷം തികയുമ്പോഴാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.