നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രം
Tuesday, July 29, 2025 10:36 AM IST
ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ശരിയല്ലെന്നും വധശിക്ഷ റദ്ദാക്കിയത് സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും വിദേശകാര്യവൃത്തങ്ങൾ അറിയിച്ചു.
സനയിൽ ചേർന്ന ഉന്നതതല യോഗത്തിൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലീയാരുടെ ഓഫീസ് അറിയിച്ചിരുന്നു. കാന്തപുരത്തിന്റെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനമായതെന്നായിരുന്നു എക്സിൽ പങ്കുവച്ച വിവരം.
വധശിക്ഷ റദ്ദാക്കിയ ശേഷമുള്ള മറ്റു കാര്യങ്ങൾ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നുമായിരുന്നു കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചത്.