ആദ്യം സിസ്റ്റര്‍മാര്‍ക്ക് നീതി ലഭിക്കട്ടെ, എന്നിട്ട് ചായ കുടിക്കാം: കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ്
Wednesday, July 30, 2025 2:52 PM IST
തിരുവനന്തപുരം: കന്യാസ്ത്രീകളുടെ അറസ്റ്റിൽ നിലപാട് കടുപ്പിച്ച് കേരള കത്തോലിക്ക മെത്രാന് സമിതി(കെസിബിസി). സിസ്റ്റര്‍മാര്‍ക്ക് നീതി ലഭിക്കാതെ വന്നാൽ എന്ത് ചങ്ങാത്തമെന്ന് കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ പ്രതികരിച്ചു.
പിന്നെ എങ്ങനെയാണ് സാഹോദര്യത്തിന്റെ പൂർണത പറയാൻ കഴിയുക. സിസ്റ്റര്‍മാര്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാകുന്പോൾ ആണല്ലോ ബാക്കി സംസാരം. ആദ്യം അത് നടക്കട്ടെ. അതിന് ശേഷം ചായ കുടിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ച നടപടികളുടെ പേരിൽ ആയിരിക്കും ഇനി നിലപാടുകൾ. ഭാരതത്തിലെ രണ്ട് സന്യാസിനിമാർ സ്വന്തം രാജ്യത്ത് അപമാനിക്കപ്പെടുന്നു എന്ന് വേണം ഛത്തീസ്ഗഡിലെ വിഷയം കാണാൻ. അവർ ക്രിസ്ത്യാനികളായി പോയി എന്ന സങ്കടം തങ്ങൾക്കുണ്ട്.
ദേശമൊന്നായി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. എംപിമാർ കന്യാസ്ത്രീകളെ ജയിലിൽ സന്ദർശിച്ചത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.